Zygo-Ad

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഉൾപ്പെടെ 6 പ്രതികളുടെ ശിക്ഷാവിധി ഇന്ന്

 


എറണാകുളം:മലയാള സിനിമയിലെ നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന് എറണാകുളം സെഷൻസ് കോടതി വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിക്കുന്നത്.

കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം (വടിവാൾ സലീം), പ്രദീപ് എന്നിവരാണ് ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമ്യം റദ്ദാക്കി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഇന്ന് ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കും.

തെളിയിക്കപ്പെട്ട കുറ്റങ്ങൾ

പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ 20 വർഷം കഠിനതടവോ ശിക്ഷ വിധിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണിത്.

ശിക്ഷാവിധിക്ക് മുൻപ്, ശിക്ഷയുടെ കാര്യത്തിൽ പ്രതികൾക്ക് പറയാനുള്ളത് കോടതി ആദ്യം കേൾക്കും. തുടർന്ന് പ്രതിഭാഗം അഭിഭാഷകരുടെയും വാദം കേട്ട ശേഷം പ്രോസിക്യൂഷൻ വാദം ആരംഭിക്കും. അതിനുശേഷമായിരിക്കും പ്രതികൾക്കുള്ള ശിക്ഷ കോടതി വിധിക്കുക.

 നടൻ ദിലീപിനെ വെറുതെ വിട്ടു

കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നടൻ ദിലീപ് അടക്കം നാല് പേരെ വിചാരണാ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ആക്രമണത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തുടർന്ന് എട്ടാം പ്രതിയായി ദിലീപിനെതിരെ പൾസർ സുനിക്കുള്ള എല്ലാ കുറ്റങ്ങളും പോലീസ് ചുമത്തിയിരുന്നു. എന്നാൽ ഈ കുറ്റങ്ങൾ തെളിയിക്കാനാവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിനെ വെറുതെ വിട്ടത്.


വളരെ പുതിയ വളരെ പഴയ