Zygo-Ad

വേടന്റെ പരിപാടിക്കിടെ തിരക്ക്, ട്രെയിന്‍തട്ടി യുവാവ് മരിച്ചു; തിക്കും തിരക്കും: പലരും കുഴഞ്ഞു വീണു, ഒട്ടേറെപ്പേര്‍ ആശുപത്രിയില്‍


കാസര്‍ഗോഡ്: ബേക്കല്‍ ബീച്ച്‌ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; തൊട്ടടുത്ത റെയില്‍വേ ട്രാക്കില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.

ട്രെയിന്‍ തട്ടി മറ്റൊരാള്‍ക്കു പരുക്കേറ്റതായും വിവരമുണ്ട്. പൊയ്‌നാച്ചി പറമ്പ സ്വദേശി വേണുഗോപാലന്റെ മകന്‍ ശിവാനന്ദാണ് (20) മരിച്ചത്. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ് ഇടിച്ചെന്നാണു സൂചന. 

രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റാണ് മൃതദേഹം കണ്ടത്. മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍. തിരക്കില്‍പെട്ടും കുഴഞ്ഞു വീണും പരുക്കേറ്റ ഒട്ടേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണു പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണു സംഘാടകര്‍ കടത്തി വിട്ടതെങ്കിലും തിരക്കു കൂടിയതോടെ അതെല്ലാം തകര്‍ന്നു. വേടന്‍ വൈകിയതിനാല്‍ പറഞ്ഞതിലും ഒന്നര മണിക്കൂര്‍ വൈകിയാണു പരിപാടി ആരംഭിച്ചത്.

 സംഗീത പരിപാടി നടന്ന ബീച്ച്‌ പാര്‍ക്കിലേക്ക് ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയില്‍വേ അടച്ചിരുന്നു. എന്നാല്‍, ഇതു മറികടന്ന് പാര്‍ക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നു കരുതുന്നു.

വളരെ പുതിയ വളരെ പഴയ