Zygo-Ad

സുഹാന്റേത് മുങ്ങിമരണം, ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ല'; പോസ്റ്റ്‌മോർട്ടം പൂർത്തിയായി

 


പാലക്കാട്: ചിറ്റൂരില്‍ മരിച്ച ആറുവയസുകാരന്‍ സുഹാന്റേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹാന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

സുഹാന്റെ മൃതദേഹം ആദ്യം സുഹാന്‍ പഠിച്ച അമ്പാട്ടുപാളയം റോയല്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് എത്തിക്കും. ശേഷം എരുമങ്കാടുള്ള മാതാവിന്റെ വീട്ടിലും ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ നല്ലേപ്പിള്ളിയിലുള്ള പിതാവിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഖബറടക്കും. കഴിഞ്ഞ ദിവസം പകല്‍ 11 മണിയോടെ കാണാതായ സുഹാന്റെ മൃതദേഹം വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹീദ ദമ്പതികളുടെ മകനാണ് സുഹാന്‍. 22 മണിക്കൂറോളം നീണ്ട പരിശോധനയിലാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സഹോദരനൊപ്പം ടി വി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. പിന്നാലെ പൊലീസും ഡോഗ് സ്‌ക്വാഡും ഫയര്‍ഫോഴ്സുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

അതേസമയം സുഹാന്റെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു. ആറ് വയസ്സുകാരന്‍ സുഹാന്‍ വിട പറഞ്ഞു എന്ന വാര്‍ത്ത അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. സുഹാന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുമേഷ് അച്യുതന്‍ ആരോപിച്ചു. സാധാരണ ഗതിയില്‍ കുട്ടി ഒറ്റയ്ക്ക് ഇത്രയും ദൂരം കളിക്കാനായി പോകാറില്ലെന്നും നടന്ന് പോകുമ്പോള്‍ കുളത്തിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു. എപ്പോഴും ആള്‍പ്പെരുമാറ്റം ഉണ്ടാകാറുള്ള കുളമാണ്. പക്ഷെ കുട്ടി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ