Zygo-Ad

നടി ആക്രമിക്കപ്പെട്ട കേസ്: വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ഇന്ന് വിധി; വിധി അറിയാൻ ആകാംക്ഷയോടെ കേരളം

 


കൊച്ചി: കേരളം ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന നടി ആക്രമിക്കപ്പെട്ട കേസിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇന്ന് അന്തിമവിധി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിക്കുക. രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിക്കും.

483 ദിവസത്തെ വിസ്താരം, 261 സാക്ഷികൾ

കേസിന്റെ വിചാരണ 483 ദിവസമാണ് നീണ്ടുപോയത്. പ്രമുഖ നടീനടന്മാരും സംവിധായകരും ഉൾപ്പെടെ 261 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊഴികളിൽ വ്യക്തത വരുത്തുന്നതിനും തുടർനടപടികൾക്കുമായി 294 ദിവസവും കോടതിക്ക് വേണ്ടിവന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ 833 രേഖകളും, ഫൊറൻസിക് റിപ്പോർട്ടുകളും സൂക്ഷ്മമായി പരിശോധിച്ചാണ് വിധി പ്രസ്താവിക്കുന്നത്.

വിചാരണ നീണ്ട കാരണങ്ങൾ:

കോവിഡ് ലോക്ഡൗൺ, പ്രതികളിലൊരാളായ നടൻ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേൽക്കോടതികളിൽ നൽകിയ ഉപഹർജികൾ, അപ്പീൽ എന്നിവയെല്ലാം വിചാരണ നീണ്ടുപോകാൻ കാരണമായി. കൂടാതെ, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാസങ്ങളോളം വിചാരണ നിർത്തിവെച്ച് തുടരന്വേഷണം നടത്തിയിരുന്നു.

സംഭവം:

2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരിൽനിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയിൽവെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനി ഉൾപ്പെട്ട സംഘം ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്.

പ്രതികൾ:

പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാർളി തോമസ്, നടൻ ദിലീപ്, സനിൽകുമാർ, ശരത് ജി. നായർ എന്നിവരുൾപ്പെടെ 10 പേരാണ് കേസിലെ പ്രതികൾ.

ചുമത്തിയ പ്രധാന കുറ്റങ്ങൾ:

ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.


വളരെ പുതിയ വളരെ പഴയ