ടെക്‌നോളജി വളരുന്നതിനേക്കാൾ വേഗതയിൽ തട്ടിപ്പുകളിലും വൈവിധ്യമേറുകയാണ്. ഓണ്‍ലൈൻ തട്ടിപ്പുകാർ ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ആളുകളില്‍ നിന്നും തട്ടിയെടുക്കുന്നത്.
അഭ്യസ്ത വിദ്യരായവരെ പോലും അതിവിദഗ്ധമായി കബളിപ്പിക്കുന്ന തരത്തിലുള്ള ഓണ്‍ലൈൻ മോഷണങ്ങളാണ് ഇന്ന് നടക്കുന്നത്. പലപ്പോഴും തട്ടിപ്പിന് ഇരയാകുന്നവർ ഇത് പൊലീസില്‍ പരാതിപ്പെടാൻ വൈകുന്നതും, പണം തിരിച്ചു പിടിക്കാൻ കഴിയാത്ത വണ്ണം നഷ്ടപ്പെടുന്നതിന് കാരണമാക്കുന്നുണ്ട്.
നിലവില്‍ ‘ട്രെൻഡിങ്’ ആയി നില്‍ക്കുന്ന തട്ടിപ്പാണ് സിം സ്വാപ്പ്. മറ്റ് തട്ടിപ്പുകളെ പോലെ നമ്മളായിട്ട് കൊടുക്കുന്ന കാശല്ല, ബാങ്ക് അക്കൗണ്ട് മുഴുവൻ നിമിഷങ്ങള്‍ക്കുള്ളില്‍ കാലിയാക്കാൻ സിം സ്വാപ്പിന് സാധിക്കും. സൈബർ കുറ്റവാളികള്‍ നിങ്ങളുടെ ഫോണ്‍ നമ്പറിലേക്ക് ആക്‌സസ് നേടിയെടുക്കുന്ന രീതിയാണിത്. കോളുകള്‍, ടെക്‌സ്‌റ്റുകള്‍, ഒറ്റത്തവണ പാസ്‌വേഡുകള്‍ അടക്കം ഇങ്ങനെ തട്ടിപ്പുകാർക്ക് ചോർത്തിയെടുക്കാം.
സിം സ്വാപ്പ് നടക്കുന്നത് ഇങ്ങനെ
ഉന്നമിട്ടയാളുടെ ഡാറ്റ അടിച്ചു മാറ്റിയാണ് സിം സ്വാപ്പ് തട്ടിപ്പുകാർ ഇത് ആരംഭിക്കുന്നത്. വ്യാജ കസ്റ്റമർ കെയർ കോളുകള്‍, ഫിഷിംഗ് ഇമെയിലുകള്‍, അല്ലെങ്കില്‍ ഡാർക്‌വെബ്ബില്‍ നിന്നടക്കമുള്ള ലീക്കായ ഡാറ്റാബേസുകള്‍ എന്നിവ ഉപയോഗിച്ചാണ് നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക.
നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ഇങ്ങനെ ആദ്യം അവർ കൈക്കലാക്കും. തുടർന്ന് ഈ വിശദാംശങ്ങള്‍ ഉപയോഗിച്ച്, നിങ്ങളാണെന്ന വ്യാജേനെ തട്ടിപ്പുകാർ നിങ്ങളുടെ മൊബൈല്‍ ദാതാവിനെ (ഐ എസ് പി) ബന്ധപ്പെടും.
നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് പറയുകയും പുതിയ സിം ആവശ്യപ്പെടുകയും ചെയ്യും. ഐഎസ്പി നിങ്ങളാണ് ആവശ്യപ്പെടുന്നത് എന്ന് കരുതി നിങ്ങളുടെ സിം ബ്ലോക്ക് ചെയ്ത് പുതിയ സിം ആക്റ്റീവ് ആക്കും.
ഈ പുതിയ സിം തട്ടിപ്പുകാർക്കാണ് ലഭിക്കുക. തുടർന്ന് ഇതുപയോഗിച്ച് നിങ്ങളുടെ പാസ്‌വേഡുകള്‍ റീസെറ്റ് ചെയ്യാനും ഓടിപി സ്വീകരിക്കാനും ഇവർക്ക് സാധിക്കും. അതോടെ നിമിഷങ്ങള്‍ കൊണ്ട് ബാങ്ക് അക്കൗണ്ട് കാലിയാവുകയും ചെയ്യും.
സിം സ്വാപ്പ് എങ്ങനെ തിരിച്ചറിയാം
കാരണമൊന്നുമില്ലാതെ പെട്ടെന്ന് ഫോണിന്‍റെ നെറ്റ്‌വർക്ക് സിഗ്നല്‍ നഷ്‌ടപ്പെടുന്നു
കോളുകള്‍ വിളിക്കാനോ മെസേജ് സ്വീകരിക്കാനോ കഴിയില്ല
പാസ്‌വേഡ് റീസെറ്റ്, ലോഗിൻ അലർട്ടുകള്‍ ലഭിക്കും
മറ്റൊരു ഡിവൈസില്‍ നിങ്ങളുടെ സിം സജീവമാക്കിയിട്ടുണ്ടെന്ന സന്ദേശം ലഭിക്കും
എങ്ങനെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം
നിങ്ങളുടെ മൊബൈല്‍ അക്കൗണ്ടില്‍ എപ്പോഴും ഒരു പിൻ അല്ലെങ്കില്‍ പാസ്‌വേഡ് സെറ്റ് ചെയ്യുക. അതുവഴി വെരിഫിക്കേഷൻ കൂടാതെ ആർക്കും നിങ്ങളുടെ സിം സ്വാപ്പ് ചെയ്യാൻ കഴിയില്ല. ടു-ഫാക്ടർ ഓതന്റിക്കേഷന് എസ് എം എസിന് പകരം ഒരു ഓതന്റിക്കേറ്റർ ആപ്പ് ഉപയോഗിക്കുക.
ഇത് തട്ടിപ്പുകാർക്ക് കോഡ് ലഭിക്കുന്നത് തടയുന്നു. ഓണ്‍ലൈനില്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക.
കാണുന്ന ലിങ്കുകളില്‍ മുഴുവൻ ക്ലിക്ക് ചെയ്യുന്ന പ്രവണതയും ഒഴിവാക്കണം. തട്ടിപ്പ് നടന്നതായി സംശയം വന്നാല്‍ ഉടൻ പരിശോധിച്ച ശേഷം ഉടൻ തന്നെ നിങ്ങളുടെ സർവീസ് ദാതാവിനെ അറിയിക്കണം. നിങ്ങള്‍ എത്ര വേഗത്തില്‍ നടപടി സ്വീകരിക്കുന്നുവോ അത്രയും വേഗത്തില്‍ തട്ടിപ്പ് തടയാനുള്ള സാധ്യത കൂടും.
