ന്യൂഡല്‍ഹി: നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീം കോടതി. 15 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് സുരേന്ദ്ര കോലിയെ കോടതി വെറുതെ വിട്ടത്.
ചീഫ് ജസ്റ്റിസ് ആർ ഗവായ്, ജസ്റ്റിസുമാരായ സൂര്യ കാന്ത്, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
2006 ഡിസംബറിലാണ് നിഥാരി കൂട്ടക്കൊലക്കേസ് ലോകം അറിയുന്നത്. വ്യവസായിയായ മൊനീന്ദർ സിംഗ് പാന്ഥർ എന്നയാളുടെ വീടിന്റെ മുൻവശത്തെ ഓടയില്‍ നിന്ന് എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയായിരുന്നു. സുരേന്ദ്ര കോലി, മൊനീന്ദർ സിംഗിന്റെ ജോലിക്കാരനായിരുന്നു. മൊനീന്ദറിന്റെ വീട്ടില്‍ വച്ച് ഇരുവരും നിരവധി കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൊനീന്ദറും കോലിയും അറസ്റ്റിലാവുകയും ചെയ്തു. കുട്ടികളെ കാണാതായ വിവരം പൊലീസിനെ അറിയിച്ചിട്ടും നടപടിയെടുക്കാതിരുന്ന രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
ഗാസിയാബാദ് പ്രത്യേക സിബിഐ കോടതി മൊനീന്ദർ സിംഗിനെയും സുരേന്ദ്ര കോലിയേയും 2011ല്‍ വധശിക്ഷയ്ക്ക് വിധിച്ചു. അലഹബാദ് ഹൈക്കോടതി 2015ല്‍ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു.
എന്നാല്‍ 2023 ഒക്ടോബറില്‍ 12 കൊലപാതകക്കേസുകളില്‍ കോലിയെയും രണ്ട് കേസുകളില്‍ മൊനീന്ദറിനെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി. ആകെ 13 കൊലപാതകക്കേസുകളാണ് കോലിക്കെതിരെ ചുമത്തിയിരുന്നത്.
ഇപ്പോള്‍ നിഥാരി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തനായിരിക്കുകയാണ് സുരേന്ദ്ര കോലി. നിഥാരി ഗ്രാമത്തിലെ കുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടു വന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ അഴുക്കു ചാലിലേക്കു തള്ളുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ശരീര ഭാഗങ്ങള്‍ മുറിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്നെന്നും കോലി പ്രത്യേക മാനസിക രോഗത്തിന് അടിമയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
