തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ചട്ടം 300 പ്രകാരമാണ് നിയമസഭയിൽ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ഐക്യ കേരളം 69 വർഷം പൂർത്തിയാക്കുകയാണ്. ഈ വർഷത്തെ കേരളപ്പിറവി ദിനം സംസ്ഥാനത്തെ ജനങ്ങൾക്ക് പുതുയുഗ പിറവിയുടെ ദിനമാണ്. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാൻ കഴിഞ്ഞു. ചരിത്രത്തിൽ ഇടം നേടിയ ഒട്ടനവധി നയപ്രഖ്യാപനങ്ങൾ സഭയിൽ ഉണ്ടായിട്ടുണ്ട്. അതിൽ ഒന്നാണ് ഇത്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ചരിത്രപ്രാധാന്യമുള്ള കാര്യമായത് കൊണ്ടാണ് നിയമസഭ ചേർന്ന് ഇത് പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം നാടിനെയും ലോകത്തെയും അറിയിക്കാൻ ഉചിതമായ മാർഗം നിയമസഭ ചേർന്ന് പ്രഖ്യാപിക്കുന്നതാണ് എന്ന് കണ്ടാണ് നിയമസഭ ചേരാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻഅതിദാരിദ്ര്യമുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങിൽ പങ്കാളികളാവും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന കലാവിരുന്നും സ്റ്റേഡിയത്തിൽ അരങ്ങേറും.
