Zygo-Ad

തെരഞ്ഞെടുപ്പ് പത്രികാസമർപ്പണത്തിനുശേഷം സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ കണ്ടെത്തി

 


പാലക്കാട് ∙ തദ്ദേശതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാസമർപ്പണത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ സിപിഎം എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ (29) മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിന് സമീപമുള്ള പറമ്പിലെ മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ശിവകുമാരിനെ സമീപവാസി കണ്ടത്.

ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമായിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് 12-ഓടെ 19-ാം വാർഡിൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ പത്രികാസമർപ്പണത്തിൽ ശിവകുമാർ പ്രവർത്തകരോടൊപ്പം പങ്കെടുത്തു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് ഫോൺ വിളികൾക്ക് പ്രതികരണം ഉണ്ടായില്ലെന്ന് സുഹൃത്തുക്കളും പ്രാദേശികനേതാക്കളും അറിയിച്ചു.

കസബ പോലീസ് ഇൻക്വസ്റ്റ് നടത്തി. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30-ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ നടത്തും.

അഞ്ചുവർഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ശിവകുമാർ. വടക്കോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസറായിരുന്നു. പത്രവിതരണസഹായിയായും പ്രവർത്തിച്ചിരുന്നു. അവിവാഹിതനാണ്. അച്ഛൻ പരേതനായ അപ്പു, അമ്മ പാർവതി. സഹോദരി പരേതയായ അംബിക.

വളരെ പുതിയ വളരെ പഴയ