Zygo-Ad

ഡിസംബര്‍ മുതല്‍ രൂപം മാറി ആധാർ: ഇനി മുതൽ ഫോട്ടോയും QR കോഡും മാത്രം


തിരുവനന്തപുരം: ആധാർ കാർഡില്‍ ഫോട്ടോയും ക്യു.ആർ കോഡും മാത്രം. പേരും വിലാസവുമടക്കമുള്ള വ്യക്തിഗത വിവരങ്ങളും 12 അക്ക ആധാർ നമ്പറും ഒഴിവാക്കും.

ഈ വിവരങ്ങള്‍ ആവശ്യക്കാർക്ക് മാത്രം കാണാവുന്ന തരത്തില്‍ ക്യൂ.ആർ കോഡില്‍ സുരക്ഷിതമാക്കും. ഉപയോഗം ഡിജിറ്റലായി മാത്രം. ഡിസംബർ ഒന്നുമുതല്‍ പുതിയ കാ‌ർഡിനുള്ള നടപടിക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ തുടക്കം കുറിക്കും.

പുതിയ കാർഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്പും അന്ന് നിലവില്‍വരും. അതിലൂടെ പുതിയ കാർഡ് എടുക്കാം. ഇതിനു വേണ്ടത്ര സമയം അനുവദിച്ച ശേഷമാകും നിർബന്ധമാക്കുക. 

മാർഗ നിർദ്ദേശങ്ങള്‍ പിന്നീട് പുറപ്പെടുവിക്കും. സമ്പൂർണമായി പുതിയ സംവിധാനം വരുന്നതുവരെ നിലവിലെ കാർഡ് ഉപയോഗിക്കാം. അതിനുശേഷം അസാധുവാക്കും. ആധാർ വ്യാജമായി നിർമ്മിക്കുന്നതും തട്ടിപ്പ് തടയുന്നതിനും ലക്ഷ്യമിട്ടാണ് മാറ്റം.

പുതിയ കാർഡിന്റെ ഫോട്ടോകോപ്പിയും അനുവദിക്കില്ല. അപേക്ഷകളിലും മറ്റും കാർഡ് നമ്പർ രേഖപ്പെടുത്താം. എന്നാല്‍, ക്യു.ആർ കോഡ് സ്കാൻ ചെയ്തുമാത്രമേ വ്യക്തിയുടെ വിവരങ്ങള്‍ അറിയാനാകൂ. 

ഏത് വിവരമാണ് വെളിപ്പെടുത്തേണ്ടത് അതുമാത്രം നല്‍കാനുമാകും. പേര്, ഫോട്ടോ എന്നിവ മാത്രമേ ആവശ്യമുള്ളൂവെങ്കില്‍ അതുമാത്രം നല്‍കി മറ്റു വിവരങ്ങള്‍ മറച്ചുവയ്ക്കാം. ആധാർ ഉപയോഗം ട്രാക്ക് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ടാകും.

ഡൗണ്‍ലോഡ് ചെയ്യാം

1.ഡിസംബർ ഒന്നുമുതല്‍ ആൻഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും, ഐ ഫോണില്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്നും 'Aadhaar' എന്ന് ടൈപ്പുചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. തുടർന്ന് ആധാർ നമ്ബർ നല്‍കണം

2.ലിങ്ക് ചെയ്ത മൈബൈലില്‍ വരുന്ന ഒ.ടി.പിയിലൂടെ വിവരങ്ങള്‍ വെരിഫൈ ചെയ്യാം. മുഖത്തിന്റെ ചിത്രം സ്‌കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കണം. ആറക്ക പിൻ നല്‍കുന്നതോടെ ആധാർ ഉപയോഗിച്ച്‌ തുടങ്ങാം. മറ്റാർക്കും സ്ക്രീൻ ഷോട്ട് എടുക്കാനോ, പ്രിന്റ് ചെയ്യാനോ കഴിയില്ല.

ഒരു ഫോണ്‍ നമ്പർ 5 പേർ വരെ

ഒരു മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പിലൂടെ കുടുംബത്തിലെ അഞ്ചു പേരുടെ ആധാർ കൈകാര്യം ചെയ്യാം. 

അതിനായി എല്ലാ കാർഡും ഒരേ ഫോണ്‍ നമ്പറില്‍ രജിസ്റ്റർ ചെയ്യണം. അങ്ങനെ കുടുംബത്തില്‍ സ്മാർട്ട് ഫോണ്‍ ഇല്ലാത്തവർക്കും ആധാർ ഉപയോഗിക്കാനാവും.

വളരെ പുതിയ വളരെ പഴയ