കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവർന്ന കേസില്‍ മുഖ്യസൂത്രധാരനടക്കം ഏഴു പേർ അറസ്റ്റില്‍.
കൊച്ചി സ്വദേശിയായ അഭിഭാഷകൻ അടക്കമുള്ളവരാണ് പിടിയിലായത്. ഇയാളാണ് മുഖ്യസൂത്രധാരനെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളടക്കം അഞ്ചു പേരെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായവരില്‍ ഒരു സ്ത്രീയമുണ്ട്. ഇതുവരെ പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കല്‍ സംഘത്തിൻറെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നത്.
പിടിയിലായവരില്‍ ഒരാള്‍ മുഖം മൂടി ധരിച്ച് പണം തട്ടിയവരുടെ കൂട്ടത്തിലുള്ളയാലാണ്. മറ്റു ആറു പേർ കുറ്റകൃത്യം ആസൂത്രണം ചെയ്തവരാണ്. തൃശൂർ വലപ്പാട് നിന്നും എറണാകുളത്തു നിന്നുമാണ് പ്രതികള്‍ പിടിയിലായത്.
മുഖം മൂടി ധരിച്ചെത്തിയ മറ്റു രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കവർച്ചയില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
തട്ടിയെടുത്ത 80 ലക്ഷം രൂപയില്‍ 20 ലക്ഷം രൂപയും പൊലീസ് വലപ്പാട് നിന്ന് കണ്ടെടുത്തതായി സൂചനയുണ്ട്. ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വലപ്പാട് സ്വദേശിയുടെ പക്കല്‍ നിന്ന് തോക്കും കണ്ടെടുത്തതായും വിവരമുണ്ട്.
അതേ സമയം, നോട്ട് ഇരട്ടിപ്പ് സംഘവുമായി ബന്ധമുള്ള സ്ത്രീയും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം. വിശദമായ അന്വേഷണത്തിനൊടുവില്‍ വ്യക്തത വരുത്തുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച മൂന്നരയോടെയാണ് സംഭവം. കുണ്ടന്നൂർ സ്റ്റീല്‍ കമ്പനിയിലെ ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പെപ്പർ സ്‌പ്രേ അടിച്ചായിരുന്നു മോഷണം നടത്തിയത്.
മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിനെ ചുറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.