Zygo-Ad

കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കണം :സപര്യ സാംസ്‌കാരിക സമിതി


സപര്യ മുഖ്യ ഉപദേഷ്ടാവ് സുകുമാരന്‍ പെരിയച്ചൂര്‍ പ്രമേയം അവതരിപ്പിച്ചു

കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് (Standard I) മുതല്‍ ഹിന്ദി ഭാഷാ പഠനം ആരംഭിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതിയുടെ സംസ്ഥാന കമ്മിറ്റി ഒരു പ്രമേയത്തിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. 

സപര്യ മുഖ്യ ഉപദേഷ്ടാവ് സുകുമാരന്‍ പെരിയച്ചൂര്‍ പ്രമേയം അവതരിപ്പിച്ചു. നിലവില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ് (Standard V) മുതലാണ് ഹിന്ദി പഠനം ആരംഭിക്കുന്നത്. 

ഈ കാലതാമസം കാരണം കുട്ടികള്‍ക്ക് ഭാഷാപരമായ അടിത്തറ ഉറപ്പിക്കുന്നതിനും, അടിസ്ഥാനപരമായ ഭാഷാനൈപുണി (വായന, എഴുത്ത്, സംസാരം) നേടുന്നതിനും വളരെയധികം പ്രയാസം നേരിടുന്നുണ്ടെന്ന് മുഖ്യ രക്ഷാധികാരികളായ ഡോ. ആര്‍. സി. കരിപ്പത്ത്, പ്രാപ്പൊയില്‍ നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ വ്യക്തമാക്കി. 

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ പദ്ധതി (മാതൃഭാഷ/പ്രാദേശിക ഭാഷ, ഇംഗ്ലീഷ്, ഒരു ആധുനിക ഇന്ത്യന്‍ ഭാഷ-ഹിന്ദി)യുടെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി കൈവരിക്കുന്നതിന് പ്രാഥമിക ക്ലാസുകള്‍ മുതല്‍ ഹിന്ദി പഠനം അനിവാര്യമാണ്. 

ഭാഷാപരമായ ഈ സമഗ്രത വിദ്യാര്‍ത്ഥികളുടെ ഭാവിക്കും ദേശീയോദ്ഗ്രഥനത്തിനും അത്യാവശ്യമാണ്. ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളില്‍ (Official Languages) ഒന്നായ ഹിന്ദി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശയവിനിമയത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭാഷയാണ്.

 ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തലത്തിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഉന്നത വിദ്യാഭ്യാസത്തിനും ജോലി സാധ്യതകള്‍ക്കും കൂടുതല്‍ വാതിലുകള്‍ തുറക്കാനും സഹായിക്കും. 

 നിലവില്‍ സംസ്ഥാനത്തെ പല സ്‌കൂളുകളിലും അറബി, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ പഠനങ്ങള്‍ ഒന്നാം ക്ലാസ് മുതല്‍ തന്നെ ആരംഭിക്കുന്നുണ്ട്. ഈ മാതൃക ഹിന്ദി പഠനത്തിനും പിന്തുടരുന്നത് കുട്ടികളില്‍ ഭാഷാപരമായ ഭാരം അധികമാകാതെ തന്നെ ഹിന്ദി പഠനം എളുപ്പമാക്കാന്‍ സഹായിക്കും. 

മറ്റേത് ഭാഷയേയും പോലെ, ഹിന്ദി ഭാഷാ പഠനത്തിന്റെ അടിത്തറ ശക്തമാക്കാന്‍, ആറ് വയസ്സോടെ പഠനം ആരംഭിക്കുന്നതാണ് അഭികാമ്യം. ഭാഷാ പഠനം തുടങ്ങാനുള്ള ഏറ്റവും അനുയോജ്യമായ പ്രായവും ഇതാണ്. 

അതുകൊണ്ട്, ഭാഷാ ശാസ്ത്രപരമായ പഠന തത്വങ്ങള്‍ക്കും ദേശീയ വിദ്യാഭ്യാസ നയത്തിനും അനുസൃതമായി, കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠനം ആരംഭിക്കുന്നതിന് വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. 

വര്‍ക്കിങ് പ്രസിഡണ്ട് ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെകട്ടറി അനില്‍കുമാര്‍ പട്ടേന, ട്രഷറര്‍ കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, ജയകൃഷ്ണന്‍ മാടമന , ഡോ. മുരളീ മോഹന്‍ കെ.വി, പ്രേമചന്ദ്രന്‍ ചോമ്പാല, ജലജ മുല്ലക്കോട്, വരദന്‍ പുല്ലൂര്‍, സാവിത്രി വെള്ളിക്കോത്ത്, അജിത് പാട്യം, ദിലീപ് കുണ്ടാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ