കേരളത്തിന് സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 48 റൂട്ടുകള്‍ അനുവദിച്ചെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പദ്ധതിക്കായി അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കാന്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായി കൊച്ചിയില്‍ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിന്‍ പരീക്ഷണ പറക്കലും നടത്തുകയുണ്ടായത് വളരെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തതെന്നും മന്ത്രി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.
സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കടമ്പകള്‍ ഏറെ മറികടന്നു മുന്നോട്ട് പോകാനുള്ളത് കൊണ്ട് തുടര്‍ച്ചയായ ഇടപെടലാണ് നടത്തിവരുന്നതതെന്നും മന്ത്രി വ്യക്തമാക്കി.
ഏവിയേഷന്‍ വകുപ്പില്‍ നിന്നും കേരളത്തിന് 48 റൂട്ടുകള്‍ സീ പ്ലെയിനിനായി അനുവദിച്ചു കിട്ടിയിട്ടുണ്ട് എന്ന സന്തോഷ വിവരം ഇവിടെ പങ്കുവെക്കുകയാണ്. India One Air, MEHAIR, PHL, Spice Jet എന്നീ എയര്‍ലൈന്‍സിനാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ട്.
ഇതിന്റെ തുടര്‍ നടപടികളും പുരോഗമിക്കുകയാണ്. സീ പ്ലെയിന്‍ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീപ്ലൈന്‍ പദ്ധതി ഭാവി കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകും – അദ്ദേഹം കുറിച്ചു.
