Zygo-Ad

പത്ത് മാസത്തിനിടെ സംസ്ഥാനത്ത് 18 ശൈശവ വിവാഹങ്ങള്‍; കൂടുതല്‍ തൃശൂരില്‍

 


തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് 2024-25 ല്‍ കേരളത്തില്‍ ബാല വിവാഹങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. 2023-24ല്‍ 14 ഉം 2022-23 ല്‍ 12 ആയിരുന്നു കണക്ക്. ഈ വര്‍ഷം കൂടുതല്‍ ശൈശവ വിവാഹം നടന്നത് തൃശൂരാണ്. ഈ വര്‍ഷം റിപ്പോർട്ട് ചെയ്ത 18 കേസുകളില്‍ 10 ഉം തൃശൂരാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മലപ്പുറത്ത് മൂന്ന് ബാലവിവാഹങ്ങളും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ശൈശവ വിവാഹങ്ങളെ പ്രതിരോധിക്കുന്നതിലും കുറവ് വന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2022-23 ല്‍ 108 ബാലവിവാഹങ്ങള്‍ ഔദ്യോ​ഗികമായി തടഞ്ഞിരുന്നു. 2023-24ല്‍ ഇത് 52 ആയും 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ 48 ആയും കുറഞ്ഞു. കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പ്രതിഫലം നല്‍കുന്ന സംസ്ഥാനത്തിന്റെ പൊന്‍വാക്ക് പദ്ധതിപ്രകാരം 2022-2023 ല്‍ എട്ട് ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞു. 2023-24ല്‍ ഏഴ് കേസുകളും 2024- 25 ല്‍ 10 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിരീക്ഷണം ശക്തമായതിനാലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിനായി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മൂലകാരണങ്ങള്‍ മനസിലാക്കുന്നതിനായി കേരള സര്‍വകലാശാലയിലെ ജനസംഖ്യാ വകുപ്പുമായി ഏകോപിപ്പിച്ച് സംസ്ഥാനത്തെ ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം നടക്കുന്നുണ്ടെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2022-23 ല്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 സംഭവങ്ങളില്‍ 11 എണ്ണം പാലക്കാടും മലപ്പുറത്തുമാണ്.

2023-24 ല്‍, മലപ്പുറത്തും തൃശൂരും നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് കേസുകള്‍ പാലക്കാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2024-25 ല്‍, സംസ്ഥാനത്തെ ആകെ കേസുകളുടെ പകുതിയിലധികവും റിപ്പോര്‍ട്ട് തൃശൂര്‍ ജില്ലയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ബാലവിവാഹ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നത് മലപ്പുറത്താണ്. ഇതിന്റെ ഫലമായി 2022-23 ല്‍ 56 ബാലവിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞു. 2023-24 ല്‍ 21, 2024-25 ല്‍ 17, 2024-25 ല്‍ എട്ട് ബാലവിവാഹങ്ങളും തടയാന്‍ കഴിഞ്ഞു. കൃത്യമായ ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്തില്ല. തൃശൂരില്‍ മൂന്ന് സംഭവങ്ങള്‍ മാത്രമാണ് തടയാന്‍ കഴിഞ്ഞത്. ചില വീടുകളിലെ സാമ്പത്തിക അസ്ഥിരത, ചില ഗ്രാമീണ പ്രദേശങ്ങളില്‍ ശൈശവ വിവാഹത്തിന് നിലനില്‍ക്കുന്ന സാമൂഹിക സ്വീകാര്യത എന്നിവ കാരണങ്ങളാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഉയര്‍ന്ന നിലവാരമുള്ള മധ്യവര്‍ഗക്കാര്‍ക്കിടയില്‍ പോലും, സ്ത്രീകളെ വീട്ടുജോലികളില്‍ മാത്രം ഒതുക്കുന്ന പ്രവണതയുണ്ട്. ഈ മനോഭാവം പലപ്പോഴും പെണ്‍മക്കളുടെ ശൈശവ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് വ്യാപിക്കുന്നു. കാലഹരണപ്പെട്ട മതപരമായ ആചാരങ്ങളുടെ സ്വാധീനം, ആഴമില്ലാത്ത രാഷ്ട്രീയ അവബോധം, അത്തരം ആചാരങ്ങളെ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയും ഘടകങ്ങളാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പല സംഭവങ്ങളും ഒളിച്ചോട്ടങ്ങളാകാമെന്നാണ് സാമൂഹിക പ്രവര്‍ത്തകയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മുന്‍ അംഗവുമായ ജെ സന്ധ്യ പറയുന്നത്. രക്ഷാകര്‍തൃ ശൈലികള്‍, സോഷ്യല്‍ മീഡിയ സ്വാധീനങ്ങള്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. രക്ഷാകര്‍തൃത്വം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ