Zygo-Ad

ലക്ഷങ്ങള്‍ തട്ടി, മരിക്കാന്‍ പോകുന്നെന്ന് കുറിപ്പെഴുതി യുവതി മുങ്ങി; മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

 


കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ചും കടം വാങ്ങിയും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഒളിവില്‍പ്പോയ യുവതി മൂന്ന് വർഷത്തിന് ശേഷം പോലീസ് പിടിയില്‍.

ഫറോക്ക് ചെറുവണ്ണൂർ സ്വദേശിനി വർഷ (30)യെയാണ് തൃശൂരില്‍ വെച്ച്‌ പോലീസ് പിടികൂടിയത്. ‘മരിക്കാൻ പോകുന്നു’ എന്ന കുറിപ്പെഴുതിവെച്ച്‌ 2022 നവംബർ 11-നാണ് യുവതി നാടുവിട്ടത്.

ഫറോക്ക് സൗഭാഗ്യ ഫിനാൻസിയേഴ്സില്‍ 226.5 ഗ്രാം മുക്കുപണ്ടം പണയം വെച്ച്‌ ₹9,10,000 രൂപയും, പലരില്‍ നിന്ന് വലിയ തുകയും കൈക്കലാക്കിയ ശേഷമാണ് യുവതി അപ്രത്യക്ഷയായത്. യുവതിയെ കാണാനില്ലെന്ന് സഹോദരി നല്‍കിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ സ്‌കൂട്ടർ അറപ്പുഴ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇത് യുവതി പുഴയില്‍ ചാടി മരിച്ചെന്ന് തെറ്റിദ്ധാരണ പരത്താൻ വേണ്ടിയായിരുന്നു.

പിന്നീട്, യുവതിയുടെ ഫോണും സിമ്മും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ അന്വേഷണം വഴിമുട്ടി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണമാണ് ഈ കേസില്‍ നിർണായക വഴിത്തിരിവായത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതി വീട്ടുകാരുമായി ഇന്റർനെറ്റ് കോളുകളിലൂടെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇതോടെ തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതിയെ പോലീസ് പിടികൂടുകയായിരുന്നു. പാലക്കാട്, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇവർ ജോലി ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.




*

വളരെ പുതിയ വളരെ പഴയ