തിരുവനന്തപുരം ∙ ഗർഭിണികൾക്കും പ്രസവാനന്തരകാലത്തെ അമ്മമാർക്കും ആയുർവേദ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിനായി വനിതാ സഹകരണ സംഘങ്ങളുടെ സംസ്ഥാന ഫെഡറേഷനായ വനിതാഫെഡ് ‘സൂതികാമിത്രം’ പദ്ധതി നടപ്പിലാക്കുന്നു. സഹകരണ, ആയുഷ് വകുപ്പുകൾ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. പദ്ധതി സെപ്റ്റംബർ 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.
പരമ്പരാഗത ശുശ്രൂഷാരീതികളെ പുനരുജ്ജീവിപ്പിക്കാനും വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഉയർന്ന നിലവാരത്തിലുള്ള ആയുർവേദ സേവനങ്ങൾ നൽകാൻ വനിതകളെ പ്രത്യേകമായി പരിശീലിപ്പിക്കും. പ്ലസ്ടു യോഗ്യതയുള്ള 20 മുതൽ 45 വയസ്സുവരെയുള്ള വനിതകളെയാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ വനിതാ സഹകരണ സംഘങ്ങൾ മുഖേന 140 പേർക്കാണ് സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ പരിശീലനം നൽകുന്നത്. ഇതിന്റെ ചെലവ് സഹകരണ വകുപ്പിന്റെ പദ്ധതിവിഹിതത്തിൽ നിന്ന് കണ്ടെത്തും.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് ആശുപത്രികൾ, പ്രസവ കേന്ദ്രങ്ങൾ, വീട്ടു ശുശ്രൂഷാ കേന്ദ്രങ്ങൾ, സംരംഭങ്ങൾ തുടങ്ങി വിവിധ മേഖലയിലെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി വനിതാഫെഡ് ഓൺലൈൻ ലേബർ ബാങ്ക് രൂപീകരിക്കും. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികളുടെ വരുമാനത്തിൽ നിന്ന് 5 ശതമാനം സേവന ഫീസായി ഫെഡറേഷൻ സ്വീകരിക്കുകയും അത് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യും.
ആരോഗ്യസംരക്ഷണത്തിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനോടൊപ്പം വനിതകൾക്ക് തൊഴിൽ സുരക്ഷയും സാമ്പത്തിക സ്ഥിരതയും നൽകുന്ന പദ്ധതിയാകും ‘സൂതികാമിത്രം’.