ദേശീയപാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ 24 മണിക്കൂറും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഭേദഗതി ചെയ്തു.പെട്രോള്‍ പമ്പുകള്‍ പ്രവർത്തിക്കുന്ന സമയങ്ങളില്‍ മാത്രം ശുചിമുറികള്‍ തുറന്നാല്‍ മതിയെന്ന് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പുകളില്‍ മാത്രമേ ശുചിമുറികള്‍ മുഴുവൻ സമയവും തുറന്നിരിക്കേണ്ടതുള്ളൂ. പമ്പുകള്‍ പ്രവർത്തിക്കുന്ന സമയം വ്യക്തമാക്കുന്ന ബോർഡ് പ്രവേശന കവാടത്തില്‍ പ്രദർശിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
നേരത്തെ, പൊതുജനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കാമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ പെട്രോളിയം ഡീലേഴ്‌സ് വെല്‍ഫെയർ ആൻഡ് ലീഗല്‍ സർവീസ് സൊസൈറ്റി നല്‍കിയ ഹർജിയില്‍, പമ്പുകളിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്നതാണെന്ന് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയിരുന്നു.എന്നാല്‍, പിന്നീട് ഈ ഉത്തരവ് ഭേദഗതി ചെയ്ത്, ദേശീയപാതയോരത്തെ പമ്പുകളിലെ ശുചിമുറികള്‍ മുഴുവൻ സമയവും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയർ ആൻഡ് ലീഗല്‍ സർവീസ് സൊസൈറ്റി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ദേശീയപാത അതോറിറ്റിയുടെ ചുമതല പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂറും പ്രവർത്തിക്കാത്തപ്പോള്‍ എങ്ങനെയാണ് ശുചിമുറികള്‍ മാത്രം മുഴുവൻ സമയവും തുറന്നുകൊടുക്കാൻ കഴിയുക എന്ന പെട്രോളിയം ഡീലേഴ്‌സിന്റെ വാദം കോടതി അംഗീകരിച്ചു. പെട്രോള്‍ പമ്പുകള്‍ക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ദേശീയപാത അതോറിറ്റിയുടെ (NHAI) ഉത്തരവാദിത്തമാണെന്ന് ഹൈകോടതി വാക്കാല്‍ നിരീക്ഷിച്ചു.വിദേശ രാജ്യങ്ങളില്‍ ഇത് സാധാരണമാണെന്നും എന്നാല്‍ ഇവിടെ അത്തരം സൗകര്യങ്ങള്‍ ലഭ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച്, ദേശീയപാതകളില്‍ പ്രവർത്തിക്കുന്ന എല്ലാ പമ്പുകളിലും ജീവനക്കാർക്കും ഉപഭോക്താക്കള്‍ക്കും യാത്രക്കാർക്കും ശുചിമുറി സൗകര്യങ്ങള്‍ ഉപയോഗിക്കാൻ അനുമതി നല്‍കണം.
ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പുകളില്‍ മുഴുവൻ സമയവും ബാധകമായിരിക്കും. അല്ലാത്തവയില്‍, പമ്പിന്റെ പ്രവർത്തന സമയങ്ങളില്‍ ഈ സൗകര്യം ലഭ്യമാക്കണം.ദേശീയപാതകളിലല്ലാത്ത മറ്റ് സ്ഥലങ്ങളിലെ പമ്പുകളില്‍, ഉപഭോക്താക്കള്‍ക്കും യാത്രക്കാർക്കും ശുചിമുറികള്‍ മുഴുവൻ സമയവും ഉപയോഗിക്കാം. പൊതുജനങ്ങള്‍ക്ക് ഇത് സൗജന്യമായി ലഭ്യമാക്കാനുള്ള തീരുമാനം പമ്പുടമകളുടെ വിവേചനാധികാരത്തിന് വിടാനും കോടതി നിർദ്ദേശിച്ചു.