Zygo-Ad

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാനവ്യാപക മയക്കുമരുന്ന് പരിശോധന; 78 പേർ അറസ്റ്റിൽ

 


തിരുവനന്തപുരം ∙ സംസ്ഥാന പോലീസ് നടത്തിയ പ്രത്യേക മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷൻ ‘ഡി-ഹണ്ട്’ സംസ്ഥാനത്ത് വലിയ തോതിൽ പിടികളിലേക്ക്. സെപ്റ്റംബർ 17-ന് നടന്ന സംസ്ഥാനവ്യാപക ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടതായി സംശയിച്ച് 1573 പേരെ പോലീസ് പരിശോധനയ്ക്ക് വിധേയരാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 72 കേസുകൾ രജിസ്റ്റർ ചെയ്തതോടെ 78 പേർ അറസ്റ്റിലായി. പിടിച്ചെടുത്തത് എം.ഡി.എം.എ 41.77 ഗ്രാം, കഞ്ചാവ് 25.154 കിലോ, കൂടാതെ 54 കഞ്ചാവ് ബീഡികൾ എന്നിവയാണ്.

മയക്കുമരുന്ന് വിൽപ്പനയും സംഭരണവും തടയുന്നതിനായി പോലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. സംസ്ഥാന ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെൽ, എൻ.ഡി.പി.എസ് കോർഡിനേഷൻ സെൽ എന്നിവയും റേഞ്ച് തലത്തിലുള്ള പ്രത്യേക ടീമുകളും പ്രവർത്തിക്കുന്നതായി സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ അറിയിച്ചു.

പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. വിവരദാതാക്കളുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് ഉറപ്പുനൽകി.

പ്രവീൺ എസ്.ആർ., ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

വളരെ പുതിയ വളരെ പഴയ