Zygo-Ad

സംസ്ഥാന വനിതാ കമ്മീഷൻ അദാലത്തിൽ 21 കേസുകൾ പരിഹരിച്ചു


സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 85 കേസുകൾ പരിഗണിച്ചു. ഇതിൽ 21 എണ്ണം പരിഹരിച്ചു. 

ഒൻപതെണ്ണം പോലീസ് റിപ്പോർട്ടിനായും നാലെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. മൂന്നെണ്ണം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് കൈമാറി. 48 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി ആറ് പരാതികൾ ലഭിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപഹസിക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. 

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്ന രീതി സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നു. സൈബർ അക്രമണം നടത്തുന്നവർക്കെതിരെ നിയമപരമായ കർശന നടപടി സ്വീകരിക്കണം.

ഭൂമി തർക്കങ്ങൾ ജാഗ്രത സമിതികളെ സമീപിച്ച് പ്രാദേശിക തലത്തിൽ തന്നെ പരിഹരിക്കുന്നതിന് തയ്യാറാവണം. ജാഗ്രത സമിതികൾ ഫലപ്രദമായി നടക്കുന്നതിന് പ്രാദേശിക ഭരണകൂടം കൂടുതൽ ശ്രദ്ധ നൽകണമെന്നും അവർ പറഞ്ഞു.

 ഗാർഹിക പീഡനം, സ്വത്ത് തർക്കങ്ങൾ, അയൽവാസികളുമായുള്ള പ്രശ്നങ്ങൾ, പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുക്കൽ, പണയം വെച്ച സ്വർണ്ണം തിരിച്ചു കൊടുക്കാത്തത് ഉൾപ്പെടെയാണ് പരിഗണിച്ച മറ്റ് കേസുകൾ.

അഭിഭാഷകരായ കെ.പി. ഷിമ്മി, ചിത്തിര ശശിധരൻ, കൗൺസിലർ അശ്വതി രമേശൻ എന്നിവരും സിറ്റിങ്ങിൽ പരാതികൾ പരിഗണിച്ചു.

വളരെ പുതിയ വളരെ പഴയ