പാലക്കാട്: പാലക്കാട് ജില്ലയിലെ സ്കൂളിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി.
സംഭവത്തില്‍ കല്ലേകാട് വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കല്ലേക്കാട് സ്വദേശി സുരേഷിൻ്റെ വീട്ടിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ പന്നിപ്പടക്കം, 24 ഇലക്ട്രിക് ഡിറ്റനേറ്റർ, അനധികൃതമായി നിർമ്മിച്ച 12 സ്ഫോടക വസ്തുക്കൾ എന്നിവ കണ്ടെടുത്തു.
സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലാണ് സ്ഫോടനമുണ്ടായത്.
സുരേഷിന് പുറമെ സ്ഫോടക വസ്തു നിർമാണ തൊഴിലാളികളായ മറ്റ് രണ്ട് പേരെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരും ബിജെപി പ്രവർത്തകരാണെന്ന് പൊലിസ്.
കല്ലേക്കാട് സ്വദേശിയായ സുരേഷ്, ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ലൈസൻസ് ഇല്ലാതെയാണ് സുരേഷ് വീട്ടില്‍ ഡിറ്റനേറ്റർ സൂക്ഷിച്ചിരുന്നത്.
ഓഗസ്റ്റ് 20 നാണ് പാലക്കാട് വ്യാസാ വിദ്യാപീഠം പ്രീപ്രൈമറി സിബിഎസ്‌ഇ സ്കൂളില്‍ സ്ഫോടനം നടന്നത്. അപകടത്തില്‍ പത്ത് വയസുകാരനും മറ്റൊരു സ്ത്രീക്കും പരിക്കേറ്റിരുന്നു.
ആർഎസ്‌എസ് ശാഖ പതിവായി നടക്കുന്ന സ്ഥലമാണ് സ്കൂള്‍. സ്ഫോടന ദിവസവും ഇവിടെ ശാഖ നടന്നിരുന്നു.
പത്തു വയസുകാരനായ വിദ്യാർഥി സ്കൂള്‍ കോമ്പൗണ്ടിനകത്ത് കിടന്നിരുന്ന വസ്തു പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ ഇത് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കുട്ടിയ്ക്കും ആ സമയത്ത് കൂടെ നിന്നിരുന്ന സ്ത്രീക്കും പരുക്കേറ്റു.
സ്കൂള്‍ കോമ്പൗണ്ടിനകത്ത് സ്ഫോടക വസ്തുക്കള്‍ എങ്ങനെ എത്തിയെന്നതടക്കം ദുരൂഹത നിറഞ്ഞു നിന്ന സംഭവം ഏറെ വിവാദമായിരുന്നു.
പിന്നാലെ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ടൗണ്‍ നോർത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്.
പാലക്കാട് വ്യാസാ വിദ്യാപീഠം പ്രീപ്രൈമറി സിബിഎസ്‌ഇ സ്കൂളിന് സമീപം സ്ഫോടക വസ്തു എങ്ങനെ എത്തി എന്ന കാര്യമാകും അന്വേഷിക്കുക.
സ്ഫോടക വസ്തുക്കളുടെ നിർമ്മാണം സംബന്ധിച്ചും പൊലിസ് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.
ഉപജില്ല വിദ്യാഭ്യാസ ഓഫീസ് പാലക്കാട് വ്യാസാ വിദ്യാപീഠം പ്രീപ്രൈമറി സിബിഎസ്‌ഇ സ്കൂളിന് സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ തുടക്കം മുതലേ ആർഎസ്‌എസ് - ബിജെപി പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും രംഗത്തുണ്ടായിരുന്നു.