കോട്ടയം: കോട്ടയത്ത് പട്ടാപകല്‍ വീട്ടില്‍ കയറി ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്.
പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന (65), മകള്‍ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കഴുത്തിനാണ് ഗുരുതരമായി മുറിവേറ്റത്.
സംഭവത്തെ തുടർന്ന് സൗമ്യയുടെ ഭർത്താവ് പ്രദീപ് ഓടി രക്ഷപ്പെട്ടു. കോട്ടയം മുണ്ടക്കയം പുഞ്ചവയലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഇന്ന് രാവിലെ 11.50നായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഏറെ നാളായി സൗമ്യയുമായി അകന്നു കഴിയുകയായിരുന്നു പ്രദീപ്.
തുടർന്ന് ഇന്ന് സൗമ്യയും ബീനയും താമസിച്ചിരുന്ന വാടക വീട്ടില്‍ ഇയാളെത്തി ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇരുവരും തമ്മില്‍ ഇതിനുമുൻപും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സൗമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ വാക്കത്തിയുമായി എത്തിയ പ്രദീപ് സൗമ്യയുമായി വാക്കു തർക്കത്തില്‍ ഏർപ്പെടുകയും തുടർന്ന് അക്രമിക്കുകയുമായിരുന്നു.
മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബീനക്ക് വെട്ടേറ്റത്. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോള്‍ പ്രദീപ് ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും ബീനയെയും നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രതിക്കായി തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.
