Zygo-Ad

പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി; പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി


തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഇമെയിലിലേക്ക് ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശമെത്തിയത്.

രണ്ട് ക്ഷേത്രങ്ങളിലും ബോംബ് വച്ചിട്ടുണ്ടെന്നും വൈകിട്ടോടെ സ്‌ഫോടനമുണ്ടാകുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

 എന്നാല്‍ സംശാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ഡല്‍ഹി, ബോംബെ ഹൈക്കോടതികളില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതോടെ ബോംബ് ഭീഷണി ജഡ്ജിമാരെയും അഭിഭാഷകരെയും സുരക്ഷാ സേനയെയും മുള്‍മുനയില്‍ നിറുത്തി. ഇന്നലെ രാവിലെ 10.41ഓടെയാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഇമെയില്‍ ലഭിക്കുന്നത്.

 വെള്ളിയാഴ്ചത്തെ പ്രാർത്ഥനാ സമയം കഴിഞ്ഞ് ജഡ്ജിമാരുടെ ചേംബറുകളിലും കോടതി ഹാളുകളിലും സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ കോടതികള്‍ സിറ്റിംഗുകള്‍ നിറുത്തി വയ്ക്കുകയാണുണ്ടായത്.

ജഡ്ജിമാരെയും അഭിഭാഷകരെയും കോടതി ഹാളില്‍ നിന്നു മാറ്റി. ഗുമസ്തന്മാരെയും കക്ഷികളെയും അടക്കം കോടതി വളപ്പിനു പുറത്തിറക്കി. ഡല്‍ഹി പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയില്ല. 

ഉച്ചയ്ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതിയില്‍ ഭീഷണി സന്ദേശമെത്തിയത്. അതും വ്യാജ ബോംബ് ഭീഷണിയാണെന്ന് ബോദ്ധ്യപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ