Zygo-Ad

കള്ളക്കടൽ ജാഗ്രത: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം; ഓണം ദിവസങ്ങളില്‍ ശക്തമായ മഴ


തിരുവനന്തപുരം: ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി ഓണം ദിവസങ്ങളില്‍ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

എന്നാല്‍ ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മറ്റൊരു ന്യൂനമര്‍ദ്ദം ദുര്‍ബലമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ കുറഞ്ഞത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. 

ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

വടക്കന്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോ മീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച വടക്കന്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം, ആലപ്പുഴ ജില്ലകളുടെ കടല്‍ തീരങ്ങളില്‍ ഇന്ന് വൈകീട്ട് 5.30 മുതല്‍ നാളെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 02.30 വരെ 1.4 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

ഇതിനെ തുടര്‍ന്ന് കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ജാഗ്രതാ നിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്

5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

വളരെ പുതിയ വളരെ പഴയ