കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജു (18) വിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍ തുടിച്ചു തുടങ്ങി.
കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ കൊച്ചി ലിസി ആശുപത്രിയില്‍ പൂർത്തിയായി. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ നിന്ന് ഹൃദയം എത്തിച്ചതിന് ശേഷം പുലർച്ചെ ഒന്നരയോടെ തുടങ്ങിയത്.
ഡോ. ജോസ് ചാക്കോ പെരിയ പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പുലർച്ചെ 3.30 ന് തന്നെ ഹൃദയം കുട്ടിയില്‍ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകം എന്ന് ലിസി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയമാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടിക്ക് നല്‍കിയത്. കാലടി ആദി ശങ്കര എഞ്ചിനീയറിങ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ബില്‍ജിത്തിന്റ വൃക്കകള്‍, കണ്ണ്, ചെറുകുടല്‍, കരള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയില്‍ എത്താനുള്ള സന്ദേശം പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭിക്കുന്നത്. തുടർന്ന് 7 മണിയോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു പെണ്‍കുട്ടി.
സർക്കാർ സംവിധാനങ്ങളും ജനവുമൊന്നാകെ ഒന്നിച്ച് തിരുവനന്തപുരത്ത് നിന്നും മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിന്റെ ഹൃദയം കൊച്ചിയിലെത്തിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് വീണ്ടും മാതൃകയായി അവയവദാനം.
6 പേരിലൂടെ ഐസക്ക് ഇനിയും ജീവിക്കും
കിംസ് ആശുപത്രിയില്‍ നിന്നും എയർ ആംബുലൻസില്‍ കൊച്ചിയിലെത്തുന്ന ഐസക്കിൻ്റെ ഹൃദയം ഇനി മുതല്‍ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജിൻ എന്ന യുവാവിൻ്റെ ശരീരത്തില്‍ ജീവൻ്റെ തുടിപ്പ് നിലനിർത്തും.
കരള്‍, വൃക്കകള്‍, കണ്ണിൻ്റെ കോർണിയ അടക്കം ഐസക്കിന്‍റെ ആറ് അവയവങ്ങളാണ് 6 പേര്‍ക്ക് പുതുജീവൻ നല്‍കുക.
കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് എതിരെ വന്ന വാഹനമിടിച്ച് പരിക്കേല്‍ക്കുന്നത്. അപ്പോള്‍ത്തന്നെ തിരുവനന്തപുരം ആശുപത്രിയിലേക്ക് എത്തിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഐസക്കിന് ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
