Zygo-Ad

16 വയസായ മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം മുസ്ലിം വ്യക്തി നിയമത്തിൽ സാധുവെന്ന് സുപ്രിംകോടതി: ബാലാവകാശ കമ്മിഷന്റെ ഹർജി തള്ളി


ഡല്‍ഹി: 16 വയസായ മുസ്ലിം പെണ്‍കുട്ടി വിവാഹം കഴിക്കുന്നത് മുസ്ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സാധുവാണെന്നും അതിന്റെ പേരില്‍ പോക്സോ കേസ് ചുമത്താൻ കഴിയില്ലെന്നുമുള്ള പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി.

ഇത്തരമൊരു അപ്പീല്‍ സമർപ്പിക്കാൻ ബാലാവകാശ കമ്മിഷന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.

പെണ്‍കുട്ടിക്കും ഭർത്താവിനും സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭീഷണി നേരിടുന്ന ദമ്ബതികളുടെ ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെ എന്തിനാണ് ബാലാവകാശ കമ്മിഷൻ ചോദ്യം ചെയ്യുന്നതെന്ന് ബെഞ്ച് ചോദിച്ചു. ബാലാവകാശ കമ്മിഷന്റെത് വിചിത്ര നടപടിയാണെന്നും ബെഞ്ച് കുറ്റപ്പെടുത്തി.

 18 വയസ്സ് തികയാത്ത ഒരു പെണ്‍കുട്ടിക്ക് വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമപരമായ വിവാഹത്തില്‍ ഏർപ്പെടാൻ കഴിയുമോ എന്ന നിയമ പ്രശ്നമാണ് ഉന്നയിക്കുന്നതെന്ന് ബാലാവകാശ കമ്മിഷൻ അഭിഭാഷകൻ വാദിച്ചെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല.

ഇതില്‍ നിയമത്തിന്റെ ഒരു ചോദ്യവും ഉദിക്കുന്നില്ലെന്നും നിങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കേസുകളില്‍ ഇടപെടണമെന്നും ബെഞ്ച് പറഞ്ഞു. 

വിഷയത്തിലെ നിയമ പ്രശ്നം അവസാനിപ്പിക്കരുതെന്ന അഭിഭാഷകന്റെ ആവശ്യവും അതോടൊപ്പം സമാനമായ മറ്റ് ഉത്തരവുകളെ ചോദ്യം ചെയ്ത് കമ്മിഷൻ സമർപ്പിച്ച മറ്റ് മൂന്ന് ഹർജികളും ബെഞ്ച് തള്ളി.

2022 ഒക്ടോബറിലായിരുന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തന്റെ കാമുകിയെ വീട്ടില്‍ നിയമ വിരുദ്ധമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും തങ്ങള്‍ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവകാശപ്പെട്ട് ഒരു മുസ്ലിം പുരുഷൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. 

 പെൺകുട്ടിക്ക് 16 ന് മുകളിൽ പ്രായമുണ്ടെന്നും പുരുഷന് 21 വയസിന് മുകളില്‍ പ്രായമുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുസ്ലിം വ്യക്തി നിയമപ്രകാരം ഋതുമതിയായ പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും, വിവാഹ ശേഷം ഭർത്താവിനോടൊപ്പം താമസിക്കാനും മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ