വെളിച്ചെണ്ണയും അരിയും തരംഗമായതോടെ സപ്ലൈകോ വരുമാനത്തിൽ വൻകുതിപ്പ്.
29-ന് 17 കോടി രൂപയുമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്ഥാപനം സ്വന്തമാക്കി. 27-ന് 15.78 കോടി രൂപയുണ്ടായിരുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിന വരുമാനം മൂന്ന് കോടി വരെയായി താഴ്ന്നതിൽ നിന്നാണ് ഈ തിരിച്ചു വരവ്.
കിലോഗ്രാമിന് 25 രൂപ പ്രകാരം ഇരുപത് കിലോ അരിയും 349 രൂപ നിരക്കിൽ ശബരി ബ്രാൻഡ് വെളിച്ചെണ്ണയും വിതരണത്തിന് എത്തിയതിനെ തുടർന്നാണ് വരുമാനത്തിൽ വർധനവുണ്ടായത്.
സബ്സിഡി സാധനങ്ങൾ സെപ്റ്റംബറിലേത് മുൻകൂർ വാങ്ങാനും അവസരമുണ്ട്. ഇതോടെ ഇരട്ടി അളവിൽ സബ്സിഡി വസ്തുക്കൾ വിറ്റു.
ഈ മാസം ഇതുവരെ 266.47 കോടി രൂപയാണ് വരുമാനം. മുൻപ് ശരാശരി പ്രതിമാസ വരുമാനം 150 കോടിയിൽ താഴെയായിരുന്നു.
ഈ മാസം തീരുമ്പോൾ വരുമാനം 300 കോടി കവിയുമെന്നാണ് പ്രതീക്ഷ. സപ്ലൈകോ ഓണം ഫെയറുകൾ വഴി ഇതേവരെ കിട്ടിയ 1.35 കോടി രൂപയിൽ 80.03 ലക്ഷം രൂപ സബ്സിഡി സാധനങ്ങൾ വഴിയാണ്.