കൊച്ചി: മലയാള സിനിമയുടെ മെഗാതാരം മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ മെഡിക്കല്‍ പരിശോധനകളുടെ ഫലമാണ് ഇന്ന് പുറത്തുവന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെറിയൊരു ഇടവേള എടുത്തിരുന്ന താരം അധികം വൈകാതെ തന്നെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയെത്തും.
“സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെയുണ്ടായവര്‍ക്കും നന്ദി” – എന്നാണ് മമ്മൂട്ടിയുടെ വിശ്വസ്തസഹചാരിയും നിര്‍മാതാവുമായ ജോർജ് കുറിച്ചത്. “ദൈവമേ നന്ദി, നന്ദി, നന്ദി” എന്ന് നിര്‍മാതാവ് ആന്റോ ജോസഫും കുറിച്ചു. കോസ്റ്റ്യും ഡിസൈനറായ അഭിജിത് സിയും, നടന്‍ രമേശ് പിഷാരടിയും താരത്തിന്റെ ആരോഗ്യസ്ഥിതി സന്തോഷത്തോടെ പങ്കുവച്ചു.
മമ്മൂട്ടിയുടെ തിരിച്ചുവരവിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും സുഹൃത്തുക്കളും ആവേശത്തോടെ പങ്കിടുകയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സെപ്തംബര്‍ ആദ്യത്തോടെ തന്നെ താരം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ സെറ്റിലേക്ക് മടങ്ങും. ഈ ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത. മമ്മൂട്ടിയുടെ പിറന്നാളോടനുബന്ധിച്ച് വലിയൊരു തിരിച്ചുവരവായിരിക്കുമെന്ന് നേരത്തെ തന്നെ കുടുംബാംഗങ്ങള്‍ സൂചന നല്‍കിയിരുന്നു.