ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ; എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കും ആദ്യഘട്ടത്തിൽ
byOpen Malayalam Webdesk-
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ആദ്യ ഘട്ടത്തിൽ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭിക്കും. സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും മന്ത്രി പറഞ്ഞു.ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും. 250-ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കും.അതേസമയം, ശബരി ബ്രാൻഡിൽ അഞ്ചു പുതിയ ഉത്പന്നങ്ങൾ കൂടെ സപ്ലൈകോ വിപണിയിലിറക്കി. എറണാകുളം ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ആദ്യ വിൽപ്പന നിർവഹിച്ചു. നടി റിമ കല്ലിങ്കലിനു ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ടായിരുന്നു ആദ്യ വിൽപ്പന. സപ്ലൈകോയെപ്പോലുള്ള പൊതുമേഖലാ സ്ഥാപനത്തിൻറെ ഇടപെടലുകൾ മാർക്കറ്റിൽ എത്തുന്ന സാധാരണക്കാരന് ഗുണം ചെയ്യുന്നതാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.ഈ ഓണക്കാലത്ത് അരി, വെളിച്ചെണ്ണ, മുളക് എന്നിവ ലഭ്യമാക്കാനും വെളിച്ചെണ്ണ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ പൊതുവിപണി വില കുറയ്ക്കാനും സപ്ലൈകോയുടെ ഇടപെടലിലൂടെ കഴിഞ്ഞു. കഴിഞ്ഞമാസം 168 കോടി വിറ്റുവരവ് ലഭിച്ചതും 32 ലക്ഷം ജനങ്ങൾ സപ്ലൈകോയുടെ സേവനം ഉപയോഗിച്ചതും സപ്ലൈകോയെ ജനം തുടർന്നും ആശ്രയിക്കുന്നതിന്റെ ലക്ഷണമാണ്. ഈ മാസം ഇതുവരെ 21 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ വാങ്ങിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.അരിപ്പൊടി ( പുട്ടുപൊടി, അപ്പം പൊടി ) , പായസം മിക്സ് (സേമിയ / പാലട 200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടൻ മട്ട (വടിയരി, ഉണ്ടയരി) എന്നിവയാണ് ശബരി ബ്രാൻഡിലെ പുതിയ ഉത്പന്നങ്ങൾ. പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഗുണ മേന്മ ഉറപ്പാക്കികൊണ്ടാണ് സപ്ലൈകോ പുതിയ ഉത്പന്നങ്ങൾ എത്തിക്കുന്നത്.കിലോയ്ക്ക് 88 രൂപ വിലയുള്ള പുട്ടുപൊടിയും അപ്പം പൊടിയും, 46 രൂപയ്ക്കാണ് സപ്ലൈകോ നൽകുന്നത്. പുട്ടുപൊടിയും അപ്പം പൊടിയും ചേർന്നുള്ള കോംബോ ഓഫറിന് 88 രൂപയാണ് വില. 20 രൂപ പരമാവധി വിൽപ്പന വിലയുള്ള കല്ലുപ്പ് 12 രൂപയ്ക്കും പൊടിയുപ്പ് 12.50 നും 60 രൂപ എംആർപിയുള്ള പഞ്ചസാര 50 രൂപയ്ക്കും ശബരി ബ്രാൻറിൽ ലഭ്യമാകും. സേമിയ/ പാലട പായസം മിക്സിന്‍റെ വില 200 ഗ്രാമിന് 42 രൂപയാണ്. സപ്ലൈകോ ശബരി ബ്രാൻഡിൽ പുറത്തിറക്കിയ പാലക്കാടൻ മട്ട വടിയരി പത്ത് കിലോയ്ക്ക് 599 രൂപ, ഉണ്ട അരി 506 രൂപ, പാലക്കാടൻ മട്ട വടിയരി 5 കിലോയ്ക്ക് 310രൂപ , ഉണ്ട അരി 262 രൂപ എന്നിങ്ങനെയാണ് പുതിയ ശബരി ഉത്പന്നങ്ങളുടെ വില.