കണ്ണൂർ ∙ കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ. മേയ് 24 മുതൽ ഓഗസ്റ്റ് 17 വരെയുള്ള കണക്ക് പ്രകാരം കണ്ണൂരിൽ 3306 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. അയൽ ജില്ലയായ കാസർകോട് 3303 മില്ലി മീറ്റർ മഴയും ലഭിച്ചു. തിങ്കളാഴ്ച വരെ ശക്തമായ മഴയാണ് കണ്ണൂരിൽ പെയ്തതെങ്കിലും ചൊവ്വയോടെ അൽപം ശമനമുണ്ടായി.
ബംഗാൾ ഉൾക്കടലിൽ ആന്ധ്ര–ഒഡിഷ തീരത്ത് ന്യൂനമർദം ശക്തിപ്രാപിക്കുന്നുണ്ട്. അതിനാൽ അറബിക്കടലിലും കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ സാധ്യതയുള്ളതിനാൽ മഴ തുടരുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. വടക്കൻ േകരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. അയൽ ജില്ലകളായ വയനാട്ടിലും കോഴിക്കോടും മഴ തുടരുകയാണ്.
ഏതാനും ദിവസങ്ങളായി വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴയാണ് ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ മലയോര മേഖലയിലുൾപ്പെടെ നിർത്താതെ മഴ പെയ്തത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു. നിലവിൽ മഴയ്ക്ക് കുറവു വന്നതോടെ ഉരുൾപൊട്ടൽ ആശങ്കയുൾപ്പെടെ മാറി.