കണ്ണൂർ:ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ നല്‍കിയെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
സംസ്ഥാനത്തെ പത്ത് മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അഞ്ച് ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികളും രണ്ട് ലിറ്ററില്‍ താഴെയുള്ള ശീതളപാനീയ കുപ്പികളുമാണ് നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. ഇതേ നിരോധനം ഓഡിറ്റോറിയങ്ങള്‍ക്കും കല്യാണങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ബാധകമാക്കി ഒക്ടോബര്‍ രണ്ടു മുതല്‍ നടപ്പാക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ നിര്‍ദേശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
2020 ജനുവരിയില്‍ ഇറങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധന ഉത്തരവിന് ഈ സ്റ്റേ ബാധകമല്ല.
എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഒറ്റതവണ ഉപയോഗമുള്ള സ്പൂണുകള്‍, സ്ട്രോ, ഫോര്‍ക്കുകള്‍, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പുകളും പ്ലേറ്റുകളും, തെര്‍മോകോള്‍ പ്ലേറ്റുകള്‍, ഒറ്റ തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍, 500 മില്ലിയില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികള്‍, ഗാര്‍ബേജ് ബാഗുകള്‍, പതാകകള്‍, പേപ്പര്‍ വാഴയില, 60 ജിഎസ്എമ്മിന് താഴെയുള്ള നോണ്‍ വൂവണ്‍ ബാഗുകള്‍ എന്നിവയ്ക്കാണ് കേരളത്തില്‍ നിലവില്‍ നിരോധനമുള്ളത്.
ഇവ ഉല്‍പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്ന പക്ഷം ആദ്യ തവണ പതിനായിരം രൂപയും രണ്ടാം തവണ 25,000 രൂപയുമാണ് പിഴ. മൂന്നാമതും കുറ്റം ആവര്‍ത്തിച്ചാല്‍ 50000 രൂപ പിഴ ചുമത്തി സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും. ബദല്‍ ഉല്‍പന്നമായി വില്‍പനാനുമതിയുള്ള ബയോ ക്യാരിബാഗുകള്‍ക്ക് ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രം, മാര്‍ക്കറ്റിംഗ് ഏജന്‍സിയുടെയും ഉല്‍പാദകരുടെയും വിവരങ്ങള്‍, ഉല്‍പാദന തീയതി, ബാച്ച് നമ്പര്‍ എന്നീ വിവരങ്ങള്‍ ക്യു ആര്‍ കോഡ് രൂപത്തില്‍ ലഭ്യമാക്കണം.
ഈ ഉല്‍പന്നം ശുദ്ധമായ കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക് ആണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും പുറത്ത് രേഖപ്പെടുത്തിയിരിക്കുകയും വേണം. ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കാത്ത ഉല്‍പന്നങ്ങള്‍ എന്‍ഫോഴ്മെന്റ്സ് സ്‌ക്വാഡുകള്‍ പിടിച്ചെടുത്ത് പതിനായിരം രൂപ പിഴ ചുമത്തും. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് പതാകകള്‍ വില്‍പന നടത്തിയാല്‍ പതിനായിരം രൂപ പിഴ ചുമത്തി അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിക്കും.