കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുത്താഴം ഫ്ളോറിക്കൻ റോഡിൽ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതായിരുന്നു. പ്രമോദിനായി ലുക്കുഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ പ്രമോദിനെ പോലീസ്അന്വേഷിച്ചുകൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഫറോക്ക് പാലം ജംങ്ഷനിലാണ് പ്രമോദിൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനിച്ചത്. ഈ പ്രദേശത്ത് ഉൾപ്പെടെ പോലീസ് വിശദമായ തെരച്ചിൽ നടത്തിയിരുന്നു
സഹോദരിമാരെ പരിചരിക്കാൻ കഴിയാത്തതിനാൽ കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും സഹോദരിമാരും താമസിച്ചിരുന്നത്. രോഗികളായ സഹോദരിമാരെ പരിചരിക്കാൻ കഴിയാത്തതിനാലാണ് പ്രമോദ് കടുംകൈ ചെയ്‌തതെന്നാണ് സൂചന