ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ജില്ലയിൽ ശക്തമായ മഴ തുടരുന്നതോടെ ആശങ്കയിലായി ഓണ വിപണി. കഴിഞ്ഞ മൂന്നു ദിവസമായി മലയോര മേഖലയിലടക്കം ശക്തമായ മഴ തുടരുകയാണ്.
വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓണത്തിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ മഴ പെയ്തത് പൊതുജനങ്ങള്‍ക്കും തെരുവു കച്ചവടക്കാര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.
ഓണ വിപണി സജീവമാവേണ്ട സമയത്ത് മഴ പെയ്തതോടെ പൂക്കളുടെയും പച്ചക്കറികളുടെയും വില്പനക്കും കുറവു വരും.
ഓണത്തിനോടടുത്ത് വിളവെടുക്കാന്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നടത്തിയ പൂകൃഷിയെയും മഴ ബാധിച്ചു. വെള്ളിയാഴ്ച ഓണാവധിക്ക് സ്കൂളുകൾ അടക്കുന്നതോടെയാണ് ഓണത്തിനായുള്ള പർച്ചേസ് സജീവമാകാറുള്ളത്.
മഴ ശക്തമായി തുടരുകയാണെങ്കിൽ വിപണനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.
ശക്തമായ മഴ കാരണം ജനത്തിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മഴ കാരണം ഓണാഘോഷ പരിപാടികളും കുറഞ്ഞിട്ടുണ്ട്.
പച്ചക്കറി, വസ്ത്ര വ്യാപാര ഷോപ്പുകൾ, തെരുവുകച്ചവടം തുടങ്ങിയവക്കാണ് കൂടുതലായും ഓണക്കാലത്ത് ആവശ്യക്കാരുള്ളത്.
ഒപ്പം പൂ വിപണനത്തിന് വൻ ഇടിവുണ്ടാകാൻ സാധ്യതയേറയാണ്. മഴ കനത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യ വില്പനയിലും ഇടിവുണ്ടായി.
ആഗസ്റ്റില്‍ ഇത് മൂന്നാം തവണയാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. വടക്കന്‍ കേരളത്തിലാണ് വ്യാപകമായി മഴ ലഭിക്കുന്നത്. കണ്ണൂരിൽ അത് റെക്കോഡാണ്.