തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രതിവാര പ്രവര്‍ത്തനം ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് ആലോചിക്കുന്നു.
ശനിയാഴ്ച കൂടി പൊതു അവധിയാക്കുന്നതാണ് പരിഗണനയില്‍. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്താന്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പൊതുഭരണ വകുപ്പ് ഇതു സംബന്ധിച്ച നോട്ടീസ് സര്‍വീസ് സംഘടനകള്‍ക്ക് അയച്ചു.
സെപ്തംബര്‍ 11ന് വൈകീട്ട് മൂന്ന് മണിക്ക് ദര്‍ബാര്‍ ഹാളിലാണ് യോഗം ചേരുക. അഭിപ്രായങ്ങള്‍ നേരത്തെ അറിയിക്കാന്‍ ഒരു ഇമെയില്‍ ഐഡിയും പൊതുഭരണ വകുപ്പ് കൈമാറിയിട്ടുണ്ട്.
സര്‍വീസ് സംഘടനകളുടെ അഭിപ്രായം കേട്ട ശേഷം ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നടപ്പാക്കല്‍ പ്രക്രിയയിലേക്ക് കടക്കുമെന്നാണ് സൂചന. എന്താണ് ഇതു കൊണ്ടുള്ള നേട്ടം...
യോഗം നടക്കുന്നതിന് മുമ്പ് സര്‍വീസ് സംഘടനകള്‍ ഇക്കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ രൂപീകരണം നടത്തുമെന്നാണ് കരുതുന്നത്.
രണ്ടാം ശനി നിലവില്‍ പൊതു അവധിയാണ്. നാലാം ശനി ബാങ്കുകള്‍ക്ക് അവധിയാണ്. അതിനിടെയാണ് എല്ലാ ശനിയാഴ്ചകളും അവധിയാക്കാനുള്ള ചര്‍ച്ച.
ഒരു ആഴ്ചയില്‍ ജോലി ചെയ്യേണ്ട മൊത്തം മണിക്കൂറുകളില്‍ മാറ്റം വരാത്ത രീതിയിലാകും സമയം ക്രമീകരിക്കുക എന്നാണ് വിവരം.
നേരത്തെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്നു എങ്കിലും നടന്നില്ല. ഇപ്പോള്‍ പൊതുഭരണ വകുപ്പ് നടപടികള്‍ തുടങ്ങുകയാണ്. ഓരോ ദിവസവും ജോലി സമയം കൂട്ടിയാകും ക്രമീകരണം വരുത്താന്‍ സാധ്യത.
സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയപ്പോള്‍ രാവിലെയും വൈകീട്ടും 15 മിനുട്ട് വീതം അധികമായി എടുക്കാനാണ് തീരുമാനിച്ചത്. സമാനമായ രീതി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന്റെ കാര്യത്തിലും വരുമോ എന്നാണ് അറിയേണ്ടത്.
ശനിയാഴ്ചയ്ക്ക് പകരം ഓരോ ദിവസവും ഒരു മണിക്കൂര്‍ കൂട്ടി പരിഹാര ഫോര്‍മുല തയ്യാറാക്കാനുള്ള സാധ്യതയുമുണ്ട്. ഇത് ചിലപ്പോള്‍ രാവിലെയും വൈകീട്ടുമായി വീതിച്ചേക്കും. നേരത്തെ ഈ വിഷയത്തിലാണ് ചര്‍ച്ചകള്‍ നിലച്ചു പോയിരുന്നത്.