സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് ഉപയോഗിച്ചവര്‍ക്കെതിരേ സിവില്‍സപ്ലൈസ് വകുപ്പിന്റെ നടപടി. ഒന്നരവര്‍ഷത്തിനിടെ പിഴയീടാക്കിയത് 9.63 കോടിരൂപ. 1.31 ലക്ഷം റേഷന്‍കാര്‍ഡുടമകളെയാണ് അനര്‍ഹമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി കണ്ടെത്തിയത്. പിഴയീടാക്കിയതിന് പുറമേ ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ഓഫീസില്‍നിന്നുള്ള വിവരാവകാശരേഖ പ്രകാരമാണ് ഈ കണക്ക്. അപേക്ഷിച്ചവര്‍ക്കെല്ലാം മുന്‍ഗണനാ റേഷന്‍കാര്‍ഡ് നല്‍കാനുള്ള നടപടി തുടങ്ങിയതിനൊപ്പമാണ് അനര്‍ഹര്‍ക്കെതിരേ പിഴചുമത്തലും നടക്കുന്നത്.
2024 ജനുവരി ഒന്നുമുതല്‍ 2025 മേയ് 31-വരെയുള്ള കണക്കുപ്രകാരമാണ് ഇത്രയും പേരെ അനര്‍ഹരെന്ന് കണ്ടെത്തിയിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തിലും നേരിട്ടുള്ള പരിശോധനയിലും അനര്‍ഹരെന്ന് കണ്ടെത്തിയവരും സ്വമേധയാ അനര്‍ഹരാണെന്ന് അറിയിച്ചവരുമുണ്ട്. 77,170 പേര്‍ സ്വമേധയാ ഞങ്ങള്‍ മുന്‍ഗണനയ്ക്ക് അര്‍ഹരല്ലെന്ന് അറിയിച്ച് പൊതുവിഭാഗത്തിലേക്ക് മാറി. 48,903 പേരെ പരിശോധനയിലൂടെ കണ്ടെത്തി പിഴചുമത്തിയാണ് മാറ്റിയത്.
പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 5,564 പേര്‍ക്കെതിരെ നടപടിയെടുത്തു. 23,143 അന്ത്യോദയ അന്നയോജന കാര്‍ഡുകളും 1.08 ലക്ഷ്യം പിഎച്ച്എച്ച് കാര്‍ഡുകളുമാണ് മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹമായുള്ളത്. ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുള്‍പ്പെടെ നടത്തിയായിരുന്നു അനര്‍ഹരെ കണ്ടെത്തിയത്. ഇത്രയും പേരെ മാറ്റിയ ഒഴിവിലേക്കാണ് ഇനി അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നത്.
ഒരാള്‍ക്ക് മുക്കാല്‍ലക്ഷത്തോളംരൂപ പിഴചുമത്തിയ കേസുമുണ്ട്. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ 76,005 രൂപയാണ് ഒരു ഉടമയില്‍നിന്ന് പിഴയീടാക്കിയത്. തളിപ്പറമ്പില്‍ 70,596 രൂപയും ആലുവയില്‍ 70,565 രൂപയും വടകരയില്‍ 67,121 രൂപയും ഒരാളില്‍നിന്ന് പിഴയായി ഈടാക്കി. ഇവരില്‍നിന്ന് ഇതുവരെ വാങ്ങിയ സാധനങ്ങളുടെ വിപണമൂല്യവും ഒപ്പം പിഴയുമുള്‍പ്പെടെയാണ് ഈടാക്കിയിട്ടുള്ളത്.