ആലപ്പുഴ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളികളായ കണ്ണൂർ സ്വദേശിനിയടക്കം രണ്ടു കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തു. റെയിൽവേ സ്റ്റേഷനിൽ വച്ച് കന്യാസ്ത്രീകൾക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ ആക്രമണവും ഉണ്ടായി. ബജ്റംഗ്ദൾ ആക്രമികളാണ് അപമാനിച്ചത്.
സിറോ മലബാർ സഭയുടെ കീഴില്‍ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ സിസ്റ്റർമാരായ വന്ദന മേരി, പ്രീതി ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണു സംഭവം. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ ഇവർ റിമാൻഡിലാണ്.
കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലുള്ള ആഗ്രയിലെ ഹോളി ഫാത്തിമ ആശുപത്രിയിലേക്ക് ജോലിക്ക് പോകാനായി കന്യാസ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന 19നും 22 നും ഇടയ്ക്ക് പ്രായമുള്ള യുവതികളെയും യുവാവിനെയുമാണ് തടഞ്ഞു വയ്ക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്.
ഒരു പെണ്‍കുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഒരു സംഘമാളുകള്‍ ഇവരെ തടഞ്ഞു വെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഒരു പെണ്‍കുട്ടി തന്റെ സമ്മതമില്ലാതെയാണ് ജോലിക്കു കൊണ്ടു വന്നതെന്നു മൊഴി നല്‍കിയതോടെ സ്ഥിതി വഷളായി. പെണ്‍കുട്ടികള്‍ ആധാർ കാർഡുകള്‍ കരുതിയിരുന്നില്ല. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ഗ്രീൻ ഗാർഡൻസ് സന്ന്യാസ സഭയുടെ മേലധികാരികള്‍ 'മാധ്യമങ്ങളോടു പറഞ്ഞു.
മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതെന്ന് പെൺകുട്ടികൾ കരഞ്ഞു പറഞ്ഞ് അപേക്ഷിച്ചെങ്കിലും അക്രമികൾ അത് അവഗണിച്ച് അവഹേളനം തുടർന്നു. മാതാപിതാക്കൾ സ്വന്തം ആധാര് കാർഡുകളുടെ പകർപ്പുകൾ സഹിതം രേഖാമൂലമുള്ള സമ്മതപത്രം നല്കിയത് സമർപ്പിച്ചെങ്കിലും അക്രമികൾ അത് അവഗണിക്കുകയായിരുന്നു. പിന്നീട് റെയിൽവേ പൊലിസെത്തി മൂന്ന് യുവതികളെയും ദുർഗിലെ വനിതാ ക്ഷേമ സമിതി കേന്ദ്രത്തിലേക്ക് മാറ്റി.
സാധാരണ വേഷം ധരിക്കാൻ അനൗദ്യോഗിക നിർദേശം
ഇത്തരം പ്രശ്നങ്ങള്‍ പതിവായതോടെ പൊതുവിടങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിർദേശം.
ഉത്തരേന്ത്യയില്‍ പ്രവർത്തിക്കുന്ന മുതിർന്ന വൈദികർ തന്നെയാണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്. ഇതു ചെയ്യാറുണ്ടെങ്കിലും സഹോദരനൊപ്പം വരുന്ന പെണ്‍കുട്ടികളെച്ചൊല്ലി വിവാദമുണ്ടാകുമെന്നു കരുതിയില്ലെന്ന് മുതിർന്ന കന്യാസ്ത്രീ പറഞ്ഞു. ജോലിക്കു വരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളെ കൂട്ടാനും അവരുടെ യാത്രാച്ചെലവ് വഹിക്കാനുമാണ് മറ്റൊരു നിർദേശം.