ഗൂഗിള്‍ പേ വഴി നമ്പർ മാറി പണമയച്ചെന്ന് പറഞ്ഞ് പണം തിരികെ ആവശ്യപ്പെടുന്ന പുതിയ തട്ടിപ്പ് രീതി വ്യാപകമാകുന്നു.
വാട്‌സ്‌ആപ്പ് വഴിയാണ് ഈ തട്ടിപ്പ് പ്രധാനമായും നടക്കുന്നത്.
ചെറിയ തുകകളാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ഓണ്‍ലൈനായി സാരി വാങ്ങിയപ്പോള്‍ നമ്പർ മാറിപ്പോയതാണെന്നൊക്കെയാണ് പറയുന്നത്.
മെസേജിനൊപ്പം, നിങ്ങളുടെ ഗൂഗിള്‍ പേയിലേക്ക് പണമയച്ചതായി കാണിക്കുന്ന വ്യാജ സ്‌ക്രീൻ ഷോട്ടും അയക്കും. പണമയച്ചയാള്‍ താണുകേണാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.
• ഭീഷണിയും കെണിയും
പണം നല്‍കില്ലെന്ന് മറുപടി നല്‍കിയാല്‍ അടുത്ത വിളി ഫോണിലേക്കാണ് വരുന്നത്. പണം സമാധാനപരമായി ചോദിച്ചു തുടങ്ങുന്ന സംഭാഷണം പിന്നീട് ഭീഷണിയിലേക്ക് മാറും.
'നിങ്ങള്‍ പറ്റിച്ചെന്ന് ഓണ്‍ലൈൻ മാദ്ധ്യമങ്ങളില്‍ വാർത്ത വരും, പൊലീസില്‍ പരാതി നല്‍കും, സ്‌ക്രീൻ ഷോട്ട് നവ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും' തുടങ്ങിയ ഭീഷണികളാണ് ഇവർ മുഴക്കുന്നത്. ഒടുവില്‍ ഒരു ക്യൂ.ആർ. കോഡ് അയച്ച ശേഷം 'ഇത് നിങ്ങളുടേല്ലേ?' എന്ന് ചോദിക്കും.
അറിയാതെങ്ങാനും കോഡ് ചെക്ക് ചെയ്തു പോയാല്‍ നിങ്ങളുടെ ഫോണ്‍ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. പ്രായമായവരെ ഉന്നം വച്ചാണ് തട്ടിപ്പ് പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ ദിവസം പള്ളിക്കര സ്വദേശിയായ ഒരു റിട്ടയേർഡ് അദ്ധ്യാപികയുടെ 70,000 ഇത്തരത്തില്‍ തട്ടിയെടുത്തു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• നിങ്ങള്‍ക്ക് പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന ഇത്തരം മെസേജുകളോ ലിങ്കുകളോ ഒരു കാരണവശാലും പ്രതികരിക്കരുത്.
• നിങ്ങള്‍ അയച്ചു നല്‍കാതെ നിങ്ങളുടെ ക്യൂ.ആർ. കോഡ് മറ്റൊരാള്‍ക്ക് ലഭിക്കില്ല. അതിനാല്‍, ഇത്തരം തട്ടിപ്പുകളെ മുൻകരുതല്‍ കൊണ്ട് നേരിടുക.
• പരിചയമില്ലാത്ത ഒരാളുമായും ചാറ്റ് ചെയ്യരുത്. ചാറ്റിംഗിനിടെ നിങ്ങള്‍ അറിയാതെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. പിന്നീടുള്ള നിയന്ത്രണം അവരുടേതാകും.
• ഒ.ടി.പി, അക്കൗണ്ട് നമ്പർ, കസ്റ്റമർ ഐ.ഡി, പാസ് വേർഡ് തുടങ്ങി ബാങ്ക് സംബന്ധമായ രഹസ്യ സ്വഭാവമുള്ള യാതൊന്നും ബാങ്ക് ഉദ്യോഗസ്ഥർക്ക് പോലും നല്‍കരുത്.