തിരുവനന്തപുരം: കൊല്ലം തേലവക്കര സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. എന്ത് ചെയ്താലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ മാനേജ്മെൻറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു.
തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും. നടപടിയെടുക്കാൻ സ്കൂൾ മാനേജ്മെൻറിന് നിർദേശം നൽകിയിട്ടുണ്ട്. മാനേജ്മെൻറ് നടപടിയെടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കുമെന്നും ഗുരുതര പിഴവ് അനുവദിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുരുതര പിഴവ് അനുവദിക്കാനാകില്ലെന്നും മാനേജ്മെൻറിനെതിരെ നടപടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഇതിന്റെ പശ്ചാത്തലത്തിൽ കർശന നടപടി കൈക്കൊള്ളാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മരണപ്പെട്ട മിഥുന്റെ സഹോദരന് 12-ാം ക്ലാസ് വരെ സൗജന്യ പഠനം സർക്കാർ നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൗട്ട് ആന്റ് ഗൈഡ്സ് സഹായത്തോടെ വീട് വെച്ച് നൽകുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം അടിയന്തര സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. മാനേജ്മൻ്റ് കുട്ടിയുടെ കുടുംബത്തിന് സഹായം നൽകേണ്ട കാര്യം പരിഗണിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.