ആലപ്പുഴ: ജനലക്ഷങ്ങളുടെ ഹൃദയാദരാജലികള്‍ ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം പുന്നപ്രയിലെ വീട്ടിലേക്കെത്തി.
ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ വിഎസ്സിനെ കാണാൻ വലിയ ജനക്കൂട്ടമാണ് വഴിയിലാകെ തടിച്ചു കൂടിയത്. പത്തു മണിയോടെ മൃതദേഹം വീട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രിയപ്പെട്ട വി.എസിനെ ഒരു നോക്കു കാണാൻ വഴിയരികില്‍ ആയിരങ്ങള്‍ കാത്തു നിന്നിരുന്നതിനാല്‍ സാധിച്ചില്ല.
22 മണിക്കൂറുകള്‍ പിന്നിട്ടാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര വേലിക്കകത്ത് വീട്ടിലേക്കെത്തുന്നത്.
ആയിരക്കണക്കിനാളുകളാണ് വീട്ടിലും അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഒഴുകിയെത്തിയിരിക്കുന്നത്. പൊതുദർശനം പുരോഗമിക്കുകയാണ്. വീടിന് മുന്നിലെ ജനസാഗരത്തെ നിയന്ത്രിക്കാൻ പോലീസും റെഡ് വോളണ്ടിയർമാരും പാടുപെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
അഞ്ചു മണിയാേടെ സംസ്കാരം നടത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിശ്ചയിച്ച സമയ ക്രമത്തിലൊക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കും. നിലവില്‍ ആലപ്പുഴ ജില്ല കമ്മറ്റി ഓഫീസിലെ പൊതുദർശനം അര മണിക്കൂറായി ചുരുക്കിയിട്ടുണ്ട്. ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. സംസ്കാരം വലിയ ചുടുകാട്ടില്‍.