Zygo-Ad

പിതൃസ്മരണയില്‍ കേരളം; കര്‍ക്കടക വാവിനായി ക്ഷേത്രങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ഭക്തജനത്തിരക്ക്

 


കര്‍ക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികര്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണ കര്‍മങ്ങള്‍ നടത്തും. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. മഴയിലും പല ഇടങ്ങളിലും വിശ്വാസികളുടെ തിരക്കാണ്.

തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം ,കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം, വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ തുടക്കമായി.മേല്‍ ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. 62 ബലിതറകളാണ് ഒരുക്കിയിട്ടുള്ളത്. നടപ്പന്തലില്‍ ഓരേസമയം 500 പേര്‍ക്ക് നിന്ന് തൊഴാന്‍ കഴിയും. കണ്ണൂർ പയ്യാമ്പലം, തൃച്ചമ്പരം എന്നിവിടങ്ങളിലും ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്.

അയിരക്കണക്കിന് വിശ്വാസികളാണ് ബലിതര്‍പ്പണത്തിനായി വിവിധയിടങ്ങളിലേക്കെത്തുന്നത്.ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി വിവിധ യൂണിറ്റുകളില്‍ നിന്ന് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി മെട്രോ 11.30 വരെ നീട്ടിയിട്ടുണ്ട്. തലസ്ഥാനത്തടക്കം വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

കർക്കടകവാവ് ബലിതർപ്പണം നടത്തുന്നത് മൂന്നു തലമുറയിൽപെട്ട പിതൃക്കൾക്കാണെന്നാണ് വിശ്വാസം. ബലിതർപ്പണം നടത്തേണ്ടവർ ഇന്നലെ ഒരുനേരം മാത്രം നെല്ലരി ആഹാരം കഴിച്ച് ഒരിക്കൽ വ്രതമെടുത്തശേഷമാണ് ഇന്ന് തർപ്പണം നടത്തുക. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നും കണക്കാക്കുന്നു. പിതൃക്കള്‍ക്ക് ബലിയിടുന്നതിലൂടെ ദീര്‍ഘായുസ്, സന്താനഗുണം, ധനം, വിദ്യാധനം, സ്വര്‍ഗം, മോക്ഷം എന്നിവ ഗുണഫലമാണെന്നും വിശ്വാസമുണ്ട്.

വളരെ പുതിയ വളരെ പഴയ