കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരെ ഭർത്താവ് നല്‍കിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കോടതി അനുവദിച്ചത്..
പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്. 2021-ല്‍ നല്‍കിയ ഹർജി, എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഒടുവില്‍ തിങ്കളാഴ്ച തീർപ്പാക്കുകയായിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാൻഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്.
അഡ്വ. ജി. മനോഹർലാല്‍ മുഖേന നല്‍കിയ ഹർജിയാണ് കോടതി അനുവദിച്ചത്. ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പ്പെടുത്താൻ വ്യാജമൊഴി നല്‍കിയെന്നും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയില്‍ വിശദമാക്കിയിരുന്നു. കൂടത്തായിയില്‍ 2002 മുതല്‍ 2016വരെയുള്ള സമയത്ത് ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റോയ് തോമസിന്റേത് ഉള്‍പ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴി നല്‍കിയിരുന്നു.
റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ല്‍ ഷാജുവും ജോളിയും പുനർവിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നല്‍കി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു.