ന്യൂഡല്‍ഹി: മാനസിക വൈകല്യമുള്ള തൻ്റെ മകള്‍ക്ക് വേണ്ടി ഒരു പിതാവ് നടത്തിയ അഞ്ചര വർഷം നീണ്ട നിയമ പോരാട്ടം ഫലം കണ്ടു.
കോടതി വിധി വന്നതോട ഒരു സമൂഹത്തിന് തന്നെ അത് ആശ്വാസകരമായി. ഉജ്ജയിനിനടുത്തുള്ള നാഗ്ഡയില്‍ നിന്നുമുള്ള അഭിഭാഷകനായ പങ്കജ് മാരുവാണ് പുതിയ മാറ്റത്തിന് വഴിയൊരുക്കിയത്. മാനസിക വൈകല്യമുള്ളവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നയാളാണ് പങ്കജ് മാരു.
65 ശതമാനം മാനസിക വൈകല്യമുള്ള തൻ്റെ മകള്‍ക്ക് റെയില്വേ നല്‍കിയ കണ്‍സെഷൻ സർട്ടിഫിക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗത്തിനെതിരെ ആയിരുന്നു അദ്ദേഹത്തിൻ്റെ നിയമ പോരാട്ടം. കൺസെഷൻ സർട്ടിഫിക്കറ്റിലെ "ബുദ്ധിമാന്ദ്യം" എന്ന പ്രയോഗം ഒരച്ഛനെന്ന നിലയിൽ പങ്കജ് മാരുവിന് അംഗീകരിക്കാൻ കഴിഞ്ഞില്ല.
ഈ പദപ്രയോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നിയമ പോരാട്ടം തുടങ്ങി. എന്നാൽ ആദ്യമൊന്നും മാറ്റത്തെക്കുറിച്ച് റെയില്‍വേ അധികൃതരില്‍ നിന്ന് പ്രതികരണം ലഭിച്ചിരുന്നില്ല.
പക്ഷെ തൻ്റെ ആവശ്യം പരിഗണിക്കുന്നതു വരെ മുന്നോട്ടു പോകുമെന്ന് പങ്കജ് മാരു ദൃഢ നിശ്ചയം ചെയ്തു. വിഷയത്തിൽ അദ്ദേഹം നല്കിയ പരാതിക്ക് പിന്നാലെ ചീഫ് കമ്മിഷണർ ഫോർ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (സിസിപിഡി) കോടതിയായിരുന്നു വാദം കേട്ടത്.
കേസ് പരിഗണിച്ച കോടതി "ബുദ്ധിമാന്ദ്യം" എന്ന പദപ്രയോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്ജി തീർപ്പാക്കുകയും അഞ്ചര വർഷത്തെ ഒരച്ഛൻ്റെ പോരാട്ടത്തിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു. വിധിയ്ക്ക് പിന്നാലെ പങ്കജ് മാരു മാധ്യമങ്ങളോട് സംസാരിച്ചു.
"2019 സെപ്റ്റംബർ 3 ന് എൻ്റെ മകളുടെ റെയില്‍വേ കണ്‍സഷൻ സർട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ലഭിച്ചു. അതില്‍ "ബുദ്ധിമാന്ദ്യം"(മാൻസിക് രൂപ് സേ വികൃത്) എന്ന പദം വളരെ എതിർപ്പുള്ളതായിരുന്നു.
റെയില്‍വേ കണ്‍സഷൻ കാർഡിലെ പദം മാറ്റാൻ ഞാൻ പശ്ചിമ മേഖലയിലെ എല്ലാ റെയില്‍വേ ഉദ്യോഗസ്ഥരെയും റെയില്‍വേ ബോർഡിനെയും ബന്ധപ്പെട്ട അധികാരികളെയും ബന്ധപ്പെട്ടു.
പക്ഷേ റെയില്‍വേ അതേ പദം തുടർന്നു. സാധ്യമായ എല്ലാ വാതിലുകളിലും ഞാൻ മുട്ടി, ശേഷം ആർടിഐ ഫയല്‍ ചെയ്തു. പക്ഷേ അത് ഫലിച്ചില്ല, തുടർന്ന് ഞാൻ ചീഫ് കമ്മീഷണർ ഫോർ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (സിസിപിഡി) കോടതിയില്‍ ഒരു പരാതി നല്‍കുകയായിരുന്നു" പങ്കജ് മാരു പറഞ്ഞു.
വളരെ കാലം നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവില്‍ റെയില്‍വെ ബോർഡിന് സിസിപിഡി നിർദേശങ്ങള്‍ നല്‍കി. ഇതോടെ, റെയില്‍വേ കണ്‍സഷൻ സർട്ടിഫിക്കറ്റുകളില്‍ "ബുദ്ധിമാന്ദ്യം" എന്ന വാക്ക് "ബുദ്ധിപരമായ വൈകല്യം" എന്ന് മാറ്റിസ്ഥാപിക്കാൻ ഇന്ത്യൻ റെയില്‍വേ നിർബന്ധിതമായി.
"വികലാംഗ" പോലുള്ള കാലഹരണപ്പെട്ടതും അപമാനകരവുമായ പദങ്ങള്‍ ഇപ്പോഴും പ്രിൻ്റ് ചെയ്ത കണ്‍സെഷൻ സർട്ടിഫിക്കറ്റ് ഫോർമാറ്റില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് മാരു തൻ്റെ പരാതിയില്‍ ഉന്നയിച്ച ആശങ്ക സിസിപിഡി ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്ന് മാസത്തിനുള്ളില്‍ സ്വീകരിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കാനും വൈകല്യങ്ങളുടെ തരങ്ങളെയും ഉപവിഭാഗങ്ങളെയും കുറിച്ച് തങ്ങളുടെ ജീവനക്കാരെ ബോധവല്‍ക്കരിക്കാനും സിസിപിഡി റെയില്‍വെയോട് ആവശ്യപ്പെട്ടു.