കണ്ണൂർ : ആയിക്കര ഭാഗത്ത് തെരുവുനായ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്. തെരുവുനായ വീട്ടമ്മയുടെ വിരല്‍ കടിച്ചു മുറിച്ചു. ഏഴ് പേർ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആയിക്കരയിലെ കുമേനീ സ്പോർട്സ് ക്ലബ്ബ് റോഡ് ,ചിന്നക്കണ്ടി ഹമീദ് റോഡ് എന്നിവിടങ്ങളിലാണ് ഇന്നലെ ഉച്ചയോടെ തെരുവുനായ പരാക്രമണം നടത്തിയത്.
തെരുവുനായ കടിയേറ്റ് പുതിയപുരയില്‍ ഹാമിയുടെ വിരല്‍ അറ്റു പോയി. വീടിന്റെ പുറത്ത് ആറിയിട്ട വസ്ത്രം എടുത്ത് മാറ്റുന്നതിനിടെയാണ് വീട്ടമ്മയെ തെരുവുനായ ആക്രമിച്ചത്. നടുവടിച്ച് നിലത്ത് വീണ ഇവരുടെ വിരല്‍ തെരുവുനായ കടിച്ചു പറിക്കുകയായിരുന്നു.
വെളുത്ത നിറത്തിലുള്ള ചെറിയ നായയാണ് പ്രദേശത്ത് പലരെയും ആക്രമിച്ചതെന്ന് ദൃക്ഷ്സക്ഷികള്‍ പറഞ്ഞു. ഹാർബർ തൊഴിലാളികളെയും നായ ആക്രമിച്ചു. നസ്സറുദ്ധീൻ എന്ന ആറു വയസ്സുകാരനും തെരുവുനായയുടെ കടിയേറ്റു.
കാസർഗോഡ് നിന്നും മാതാപിതാക്കള്‍ക്കൊപ്പം ആയിക്കരയിലെ ബന്ധുവീട്ടിലെത്തിയ നസുറുദ്ധീന് ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി നടന്നു പോകുന്നതിനിടെയാണ് കടിയേറ്റത്.
75കാരനെ കടിച്ചു പിടിച്ചത് ഏറെ നേരം
വീടിന്റെ പുറത്ത് സോഫയില്‍ ഇരിക്കുകയായിരുന്ന ബിപ്പിരി കോയയേയും (75) നായ കടിച്ചു. കടി വിടാതെ ഏറെ നേരം നിന്ന നായ തൊഴിച്ചപ്പോഴാണ് വിട്ടു പോയതെന്ന് ബിപ്പിരിക്കോയ പറഞ്ഞു.
ഇദ്ദേഹത്തിന്റെ കൈക്കും കാലിനുമെല്ലാം കടിയേറ്റിറ്റുണ്ട്. തെരുവുനായ ആക്രമണത്തെ തുടർന്ന് സമീപത്തെ മതപഠന സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.
പുറത്തിറങ്ങാൻ വയ്യ
പ്രദേശത്ത് അടുത്തിടെയായി തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. സ്കൂള്‍ തുറക്കുമ്പോഴേക്കും തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണമെന്നും ഇവർ ആവശ്യപ്പെട്ടു. ജോലിക്കു പോകുന്നവരും മറ്റും ഏറെ ഭീതിയോടെയാണ് ഇതുവഴി നടന്നു പോകുന്നത്.