തിരുവനന്തപുരം: റാപ്പർ വേടന്‍റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും.
റേഞ്ച് ഓഫീസർ ആർ അതീഷിനെ ടെക്നിക്കല്‍ അസിസ്റ്റന്റ് പദവിയിലേക്ക് മാറ്റി. കേസില്‍ ഉദ്യോഗസ്ഥർ സ്വീകരിച്ചത് തെറ്റായ നിലപാടാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് നല്‍കരുത് എന്നും മന്ത്രി നിർദേശം നല്‍കിയിരുന്നു.
തുടർന്നാണ് എറണാകുളത്ത് ഡിഎഫ്‌ഒ ഓഫീസിലെത്തി ടെക്നിക്കല്‍ അസിസ്റ്റന്റ് പദവി ഏറ്റെടുക്കാൻ നിർദേശം നല്‍കിയത്. ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂർണമായും മാറ്റി നിർത്തുന്നതാണ് ഈ നടപടി.
കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് റാപ്പർ വേടനെ പുലിപ്പല്ല് കേസില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. പിന്നാലെയാണ് അതീഷിനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടത്.
പ്രഥമ ദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി.ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
അതീഷിനെതിരായ നടപടി സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെയാണെന്നായിരുന്നു വേടന്‍റെ പ്രതികരണം.