Zygo-Ad

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത തകര്‍ന്നു:'മുന്നിലെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീഴുന്നു, ഭൂകമ്പം പോലെ റോഡ് വിണ്ടുകീറി; കാര്‍ ഉപേക്ഷിച്ച്‌ ഇറങ്ങി ഓടി'


മലപ്പുറം: കൂരിയാട് ദേശീയപാത 66ന്‍റെ ഒരു ഭാഗവും സർവിസ് റോഡും തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച്‌ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍.

സർവിസ് റോഡിലൂടെ പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് അപകടത്തെ കുറിച്ച്‌ വിവരിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് മേലേക്ക് കല്ലും മണ്ണും വീണതോടെ ഇവർ കാർ ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു.

ഏകദേശം രണ്ടരയോടെയാണ് സംഭവമെന്ന് ഇവർ പറയുന്നു. 'ഞാനും ജ്യേഷ്ഠനും മറ്റ് രണ്ടുപേരും മലപ്പുറത്ത് പോയി തിരികെ വരികയായിരുന്നു. 

കൂരിയാട് പാടം പകുതി കഴിഞ്ഞ ഉടനെ സർവിസ് റോഡില്‍ മുന്നിലെ കാറിന്‍റെ മുകളിലേക്ക് കല്ലും മണ്ണും വീണു. ഇതോടെ കാറുകള്‍ നിർത്തി. ആ സമയം തന്നെ സർവിസ് റോഡ് വിണ്ടുകീറിത്തുടങ്ങി. ഭൂകമ്പം ഉണ്ടാകുന്നതു പോലെയായിരുന്നു അത്. 

കാറിലുണ്ടായിരുന്ന ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ വേച്ചു പോകുന്നുണ്ടായിരുന്നു. കാർ ചരിഞ്ഞ നിലയിലായിരുന്നു. മുന്നിലെ കാറിലുണ്ടായിരുന്നവരോട് ഞങ്ങള്‍ ഇറങ്ങി വരാൻ പറഞ്ഞു. കാർ അവിടെ ഇട്ട് ഞങ്ങള്‍ പിന്നിലേക്ക് ഓടി. 

മുകളിലെ റോഡ് മൊത്തത്തില്‍ തകരുമോയെന്ന പേടിയായിരുന്നു അപ്പോള്‍. ഇതോടെ, കൈവരി കടന്ന് പാടത്തേക്ക് ചാടി'- അപകടത്തില്‍പെട്ട കാറുകളിലൊന്ന് ഓടിച്ചയാള്‍ പറഞ്ഞു.

ഉച്ച സമയമായതു കൊണ്ടും മഴയില്ലാത്തതുമാണ് അപകടത്തിന്‍റെ വ്യാപ്തി കുറച്ചത്. വൈകുന്നേരം സർവിസ് റോഡില്‍ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. മഴ പെയ്ത സമയമായിരുന്നെങ്കിലും അപകടത്തിന്‍റെ വ്യാപ്തി വലുതാകുമായിരുന്നു -വാഹനത്തിലുണ്ടായിരുന്നയാള്‍ പറയുന്നു.

റോഡ് തകർന്നുണ്ടായ അപകടത്തില്‍ സർവിസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകളാണ് തകർന്നത്. കല്ലും മണ്ണും കോണ്‍ക്രീറ്റ് കട്ടകളും കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന 4 പേരെ ആശുപത്രിയിലേക്ക് മാറ്റി. 

ഇവർക്ക് നിസാര പരിക്കാണുള്ളത്. വയല്‍ നികത്തി നിർമിച്ച സർവിസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ, ഏറെ ഉയരത്തില്‍ നിർമിച്ച ദേശീയപാതയുടെ മതിലും സർവിസ് റോഡിലേക്ക് നിലംപൊത്തുകയായിരുന്നു.

കോഴിക്കോട്‌ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു. 

അപകടത്തെ തുടർന്ന് ഇതുവഴി ഗതാഗതം സ്തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതമാണ് പൂര്‍ണമായും തടസപ്പെട്ടത്. വാഹനങ്ങള്‍ വി.കെ പടിയില്‍ നിന്ന് മമ്പുറം, കക്കാട് വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ