Zygo-Ad

സ്വര്‍ണവില ഇനി കുത്തനെ കുറയും; അതിന് പിന്നില്‍ നാല് കാരണങ്ങള്‍

 


ആഗോള രാഷ്ട്രീയ, വ്യാപാര സംഘര്‍ഷങ്ങള്‍ മയപ്പെട്ടതോടെ സ്വര്‍ണ വില മൂക്കുകുത്തിരാജ്യാന്തര വിപണിയില്‍ വില ഔണ്‍സിന് 3,170 ഡോളറിലേക്ക് താഴ്ന്നു. ഇതിന്റെ ചുവടുപിടിച്ച്‌ കേരളത്തില്‍ സ്വര്‍ണ വില പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയിലെത്തി. ഗ്രാമിന്റെ വില 195 രൂപ ഇടിവോടെ 8,610 രൂപയിലെത്തി. 24 കാരറ്റ് തനിത്തങ്കത്തിന്റെ വില കിലോഗ്രാമിന് 95 ലക്ഷം രൂപയിലേക്ക് താഴ്ന്നു. അമേരിക്കയിലെ ഇറക്കുമതി തീരുവ വര്‍ദ്ധനയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് തിരുത്തുന്നതാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുക്ക് കുറച്ചത്. വ്യാപാര യുദ്ധ ഭീഷണി അവസാനിക്കുന്നുവെന്ന സൂചനയാണ് വിപണിയിലുള്ളത്.

ഇതോടെ വന്‍കിട ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സ്വര്‍ണം വിറ്റുമാറി. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണത്തിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുകിയെത്തിയത്. യൂറോപ്യന്‍ യൂണിയന് ശേഷം ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളുമായി അമേരിക്ക വ്യാപാര കരാര്‍ ഒപ്പുവക്കാനൊരുങ്ങുകയാണ്. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് ഡോളറിലേക്ക് പണം മാറ്റുകയാണ്.

റെക്കാഡില്‍ നിന്ന് 5,440 രൂപയുടെ ഇടിവ

ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 74,320 രൂപയില്‍ നിന്ന് ഇതുവരെ 5,440 രൂപയുടെ ഇടിവാണ് പവന്‍ വിലയിലുണ്ടായത്. രാജ്യാന്തര വിപണിയിലും വിലയില്‍ പത്ത് ശതമാനത്തിനടുത്ത് വിലയിടിവുണ്ടായി. ലോകമെമ്പാടുമുള്ള ഓഹരി, കടപ്പത്ര വിപണികള്‍ മികച്ച മുന്നേറ്റം കാഴ്ച വെക്കുന്നതിനാല്‍ സ്വര്‍ണ വില വരും ദിവസങ്ങളിലും ഇടിഞ്ഞേക്കും.

വിലത്തകര്‍ച്ചയ്ക്ക് പിന്നില്‍

👉🏼അമേരിക്കയും ചൈനയുമായി വ്യാപാര തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള നീക്കം ശക്തമായതോടെ നിക്ഷേപകരുടെ ആശങ്ക അകലുന്നു.

👉🏼സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച്‌ വന്‍കിട ഫണ്ടുകള്‍ ഓഹരികളിലും ബോണ്ടുകളിലും ഡോളറിലും സജീവമാകുന്നു.

👉🏼 ഇന്ത്യയും പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചതോടെ നിക്ഷേപകര്‍ക്ക് വിശ്വാസം ഏറുന്നു.

👉🏼അമേരിക്കയില്‍ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാല്‍ തിരക്കിട്ട് പലിശ കുറയ്ക്കില്ലെന്ന് വിലയിരുത്തല്‍.

വളരെ പുതിയ വളരെ പഴയ