ചെറുപുഴ: ബസ്സിലെ സ്‌പീക്കറില്‍ നിന്ന് വരുന്ന മഹോഹര ഗാനങ്ങളും കാറ്റും കാഴ്ചകളും .... പ്രൈവറ്റ് ബസ്സിലെ യാത്രകളെ അത്രമേല്‍ മനോഹരമാക്കുന്നത് മറ്റെന്താണ് ?കണ്ണൂരുകാരോട് ചോദിച്ചാല്‍ ഒരു ഉത്തരം കൂടെ ഉണ്ടാകും പറയാൻ എസിയുടെ കുളിർമയേറ്റുള്ള യാത്രയെന്നാകും ആ ഉത്തരം.
ലോക്കല്‍ ബസ്സില്‍ എസി യാത്രയെന്ന് ചിന്തിച്ച് അമ്പരക്കേണ്ട . സംഭവം സത്യമാണ്. ചെറുപുഴ-ഇരിട്ടി-അമ്പായത്തോട് റൂട്ടിലോടുന്ന 'ബിഗ്ഷോ' എന്ന സ്വകാര്യ ബസാണ് എസി സൗകര്യത്തോടെ കഴിഞ്ഞ ദിവസം സര്‍വീസ് തുടങ്ങിയത്.
ദീര്‍ഘദൂര ബസുകളില്‍ മിക്കതും എസിയാണെങ്കിലും ജില്ലയ്ക്കുള്ളില്‍ തന്നെ സര്‍വീസ് നടത്തുന്നുവെന്നതാണ് ഇതിനെ പുതുമയാക്കുന്നത്. കടുത്ത ചൂടില്‍ അമ്പായത്തോടില്‍ നിന്ന് മണിക്കൂറുകള്‍ സഞ്ചരിച്ചാണ് ബസ് ചെറുപുഴയിലെത്തുന്നത്.
ചൂടു മൂലം ബസിലെ യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടുന്നുവെന്ന് മനസ്സിലാക്കിയാണ് പുതുതായി വാങ്ങിയ ബസില്‍ എസി വെക്കാന്‍ ബസുടമ തീരുമാനിച്ചത്. ഏഴു ലക്ഷം രൂപ അധിക ചെലവ് വന്നു.
താപനില ക്രമീകരിക്കാന്‍ രണ്ട് വാതിലുകളുടെയും മുകളില്‍ വിന്‍ഡ് കര്‍ട്ടന്‍ സൗകര്യത്തോടെയാണ് എസി സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഡ്രൈവറുടെ കാബിനുള്ളിലാണ് താപനില ക്രമീകരിക്കാനുള്ള സംവിധാനം ഘടിപ്പിച്ചിട്ടുള്ളത്.
ബസ് എസിയാക്കിയെങ്കിലും യാത്രക്കാരില്‍ നിന്ന് അധികതുക വാങ്ങാത്തത് യാത്രക്കാര്‍ക്കും സന്തോഷം.
രാവിലെ ഒന്‍പതിന് അമ്പായത്തോട്ടില്‍ നിന്ന് പുറപ്പെടുന്ന ബസ് 11.30-ന് ചെറുപുഴയിലെത്തും. 12.30-ന് ബസ് ചെറുപുഴയില്‍ നിന്ന് തിരികെ പോകും. അഭിരാജ്, ഷിജില്‍ സി.നായര്‍ എന്നിവരാണ് ബസിലെ ജീവനക്കാര്‍.