Zygo-Ad

ഒരു കുടുംബത്തിലെ 4പേരെ കൊന്ന്, കത്തിച്ച്‌ കേഡല്‍ ജിന്‍സണ്‍ രാജ; ദിവസങ്ങള്‍ നീണ്ട ആസൂത്രണം;നന്തൻകോട് കൂട്ടക്കൊലക്കേസില്‍ വിധി വ്യാഴാഴ്ച

തിരുവനന്തപുരം: നന്തൻകോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസിലെ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി (ആറ്)യാണ് വിധി പറയുന്നത് മാറ്റിവെച്ചത്.

ഏപ്രില്‍ 28-ന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. തുടർന്നാണ് മെയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചത്. എന്നാല്‍, ഇത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു

കേദല്‍ ജിൻസണ്‍ രാജയാണ് കേസിലെ ഏകപ്രതി. കേഡലിന്റെ മാതാപിതാക്കളായ ഡോ. ജീൻ പത്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലായാണ് കൊലപാതകം നടന്നതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

 


മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്ക വിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതി പോലീസിന് നല്‍കിയ മൊഴി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തോടുള്ള കേദല്‍ ജിൻസൻ രാജയുടെ പകയെന്നാണ് കേസ്.

പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നല്‍കിയതോടെയാണ് വിചാരണ തുടങ്ങിയത്. കൂട്ടക്കൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവത്തില്‍ വിധി പ്രസ്താവിക്കാനൊരുങ്ങുന്നത്

ദീർഘ നാളുകളായുള്ള ആസൂത്രണത്തിനൊടുവിലാണ് കേഡല്‍ ജിൻസണ്‍ രാജ കുടുബാംഗങ്ങളെ അരുംകൊല ചെയ്തതെന്നാണ് പ്രോസക്യൂഷൻ കേസ്. 2017 ഏപ്രില്‍ അഞ്ചിന് ജീൻ പത്മത്തിനെയും രാജ തങ്കത്തെയും കരോളിനെയും രണ്ടാം നിലയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. 

ഒരു കമ്പ്യൂട്ടർ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. കമ്പ്യൂട്ടറിന് മുന്നില്‍ ഒരു കസേരയില്‍ ഇരുത്തിയ ശേഷം പിന്നില്‍ നിന്നും മഴു കൊണ്ട് കേഡല്‍ കഴുത്തില്‍ വെട്ടുകയായിരുന്നു.

ഓണ്‍ലൈൻ വഴി മഴു വാങ്ങിയെന്നാണ് കണ്ടെത്തല്‍. എട്ടാം തീയതിയാണ് കേഡലിൻെറ വീട്ടില്‍ രക്ഷിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞ ലളിതയെന്ന ബന്ധുവിനെ കൊലപ്പെടുത്തുന്നത്. 

എട്ടാം തീയതി രാത്രി രണ്ടാം നിലയില്‍ നിന്നും തീയും പകയും ഉയർന്നപ്പോള്‍ നാട്ടുകാർ ഓടിക്കൂടിയപ്പോള്‍ കേഡലിനെ കാണാനില്ലായിരുന്നു. രണ്ടാം നിലയില്‍ തീയണച്ച്‌ ഫയർഫോഴ്സുദ്യോഗസ്ഥർ പരിശോധിച്ചപ്പോള്‍ കത്തിക്കരിഞ്ഞ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.

പെട്രോള്‍ വാങ്ങിക്കൊണ്ട് വന്ന് മൃതദേഹങ്ങള്‍ ചുട്ടെരിച്ച ശേഷം കേഡല്‍ രക്ഷപ്പെടുകയായിരുന്നു. ചെന്നൈയിലേക്ക് പോയ പ്രതി തിരികെയത്തിയപ്പോഴാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുന്നത്. യാതൊരു ഭാവ ഭേദവുമില്ലാതെയാണ് കേഡല്‍ തിരികെയെത്തിയത്. കേഡല്‍ ഇപ്പോഴും പൂജപ്പുര സെൻട്രല്‍ ജയിലിലാണ്. 

ആസ്ട്രല്‍ പ്രോജക്ഷൻ എന്ന ആഭിചാരത്തില്‍ ആകൃഷ്ടനായിരുന്നു എന്ന് മൊഴി നല്‍കി കേഡല്‍ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.പക്ഷെ ഡോക്ടർമാരുടെ പരിശോധനയില്‍ പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തി.

പത്തു വർഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ കേഡല്‍ സാത്താൻ സേവ നടത്തിയിരുന്നു. ഇന്റർനെറ്റിലൂടെയാണ് കേഡല്‍ ആസ്ട്രല്‍ പ്രൊജക്ഷനില്‍ അറിവ് നേടിയത്. 

നല്ല സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവുമുള്ള കുടുംബത്തിലെ അംഗമായ കേഡല്‍, സാത്താൻ സേവയില്‍ എങ്ങനെ എത്തിപ്പെട്ടുവെന്നത് പോലീസിനെ കുഴക്കിയിരുന്നു. 

അന്വേഷണത്തില്‍ കേഡല്‍ അല്ലാതെ മറ്റൊരാളിന്റെ ഇടപെടല്‍ കണ്ടെത്താൻ കഴിഞ്ഞില്ല. കേഡല്‍ മാത്രമാണ് കേസിലെ പ്രതി. സംഭവത്തിന് ശേഷം നന്തൻകോട്ടുള്ള വീട് പൂട്ടിക്കിടക്കുകയാണ്.

രണ്ട് പ്രാവശ്യം കേദലിനെ കുടുംബം വിദേശത്തേക്ക് പഠിക്കാൻ അയച്ചു. പഠനം പൂർത്തിയാകാതെ തിരിച്ചെത്തി വീട്ടിനുള്ളില്‍ കഴിഞ്ഞ കേഡലിനെ അച്ഛൻ തുടർച്ചയായി വഴക്കു പറയുമായിരുന്നു. 

അങ്ങനെ തുടങ്ങിയ പ്രതികാരമാണ് കൂട്ടകൊലക്ക് ആസൂത്രണം ചെയ്യാൻ കാരണം. കൊലപാതകം നടപ്പാക്കുന്നതിന് മുമ്പ് ഗൂഗിളില്‍ വിവിധ കൂട്ടക്കൊലകളെ കുറിച്ച്‌ പ്രതി സെർച്ച്‌ ചെയ്തിരുന്നു. ആയുധവും പെട്രോളും പോളിത്തീൻ കവറും തറ കഴുകാനുള്ള ലായനിയുമെല്ലാം പ്രതി വാങ്ങി.

അഭിഭാഷകരോട് കൃത്യമായി കേസിന്റെ കാര്യങ്ങള്‍ സംസാരിക്കുകയും സ്വത്തു തർക്കത്തില്‍ ഉള്‍പ്പെടെ വക്കാലത്തു നല്‍കുന്ന കേഡലിന് ഒരു മാനസിക പ്രശ്നങ്ങളുമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 

മാത്രമല്ല ഓരോരുത്തരെയും വകവരുത്തി വീട്ടിനുള്ളില്‍ ഇട്ടിരുന്നപ്പോള്‍ ബന്ധുക്കളുടെ ഫോണുകള്‍ വന്നു, വീട്ടു ജോലിക്കാർ എത്തി, വീട്ടുകാർ വിനോദ യാത്രക്ക് പോയെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ച തിരിച്ചയച്ച്‌ പ്രതി കൃത്യമായ ആസൂത്രണം നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.

നേരത്തേ പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ ബോർഡ് ശുപാർശ ചെയ്തതിനാല്‍ കേസില്‍ തുടർനടപടികള്‍ വൈകിയിരുന്നു. 

സഹ തടവുകാരനെ ആക്രമിച്ച പശ്ചാത്തലമുള്ളതിനാല്‍ കേഡലിനെ മിക്ക സമയത്തും ഒറ്റയ്ക്കായിരുന്നു ജയിലില്‍ പാർപ്പിച്ചിരുന്നത്. ഇടയ്ക്ക് ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടിരുന്നു.

വളരെ പുതിയ വളരെ പഴയ