ദില്ലി: രാജ്യത്ത് പഴയ രീതിയിലുള്ള പാസ്പോർട്ടുകളുടെ കാലം കഴിയുകയാണ്. ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഇലക്‌ട്രോണിക് ചിപ്പ് ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയതായി അധികൃതർ അറിയിച്ചു.ആദ്യ ഘട്ടത്തില്‍ രാജ്യത്ത് പരിമിതമായ സ്ഥലങ്ങളില്‍ മാത്രമാണ് ഇവ വിതരണം ചെയ്യുന്നത്. എന്നാല്‍ ഇ-പാസ്പോർട്ടുകള്‍ കൊടുത്തു തുടങ്ങിയെന്ന് കരുതി പഴയ പാസ്പോർട്ടുകളുടെ സാധുത ഇല്ലാതാവുകയുമില്ല. ഇതിന് പുറമെ പാസ്പോർട്ടുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന കാര്യത്തിലും അടുത്തിടെ മാറ്റം കൊണ്ടുവന്നിരുന്നു.
കഴിഞ്ഞ വർഷം ഏപ്രില്‍ ഒന്നാം തീയ്യതിയാൻണ് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവ പ്രോഗ്രാം 2.0ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായിരുന്നു ഇ-പാസ്പോർട്ടുകളുടെ വിതരണം. നിലവില്‍ 12 റീജ്യണല്‍ പാസ്പോർട്ട് ഓഫീസുകള്‍ ഇ-പാസ്പോർട്ടുകള്‍ നല്‍കാൻ സജ്ജമായിക്കഴിഞ്ഞു. നാഗ്പൂർ, ഭുവനേശ്വർ, ജമ്മു, ഗോവ, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, ചെന്നൈ, ഹൈദരാബാദ്, സൂറത്ത്, റാഞ്ചി എന്നീ ഓഫീകളിലാണിത്. കൂടുതല്‍ ഓഫീസുകളിലേക്ക് ഉടൻ തന്നെ ഇ-പാസ്പോർട്ട് വിതരണത്തിന് വേണ്ട സജ്ജീകരണങ്ങള്‍ വ്യാപിപ്പിക്കും.
ചെന്നൈ റീജ്യണല്‍ പാസ്പോർട്ട് ഓഫീസില്‍ ഈ വർഷം മാർച്ച് മൂന്നാം തീയ്യതി മുതല്‍ ഇ-പാസ്പോർട്ടുകള്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഇതുവകെ 20,729 ഇ-പാസ്പോർട്ടുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. റേഡിയോ ഫ്രീക്വൻസി ഐന്റിഫിക്കേഷൻ ചിപ്പാണ് ഇ-പാസ്പോർട്ടില്‍ സാധാരണ പാസ്പോർട്ടില്‍ നിന്ന് വ്യത്യസ്തമായി ഉള്ളത്. പാസ്പോർട്ടിലെ കവറിന് അകത്തായി അത് സജ്ജീകരിക്കും. സ്വർണ കളറിലുള്ള പ്രത്യേത അടയാളം കവറില്‍ പ്രിന്റ് ചെയ്തിട്ടുള്ളത് കൊണ്ടുതന്നെ ഇ-പാസ്പോർട്ടുകള്‍ ഒറ്റനോട്ടത്തില്‍ അറിയാനാവും.
പാസ്പോർട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാൻ ഇടയില്ലാത്ത വിധത്തില്‍ സുരക്ഷയോടെ കൈമാറ്റം ചെയ്യലും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിത പരിശോധന സാധ്യതമാക്കുകയുമാണ് ഇ-പാസ്പോർട്ടുകളുടെ ലക്ഷ്യം. ഇത് സാധ്യമാവുമ്ബോള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതും വ്യാജ പാസ്പോർട്ടുകളുണ്ടാക്കുന്ന പ്രവണതയും കൂടുതല്‍ ഫലപ്രദമായി തടയാൻ സാധിക്കുമെന്നതാണ് നേട്ടം. എന്നിരുന്നാലും ഇ-പാസ്പോർട്ടുകളിലേക്ക് മാറുകയെന്നത് നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സർക്കാർ ഇഷ്യു ചെയ്യുന്ന എല്ലാ പാസ്പോർട്ടുകളും അവയില്‍ രേഖപ്പെടുത്തിയ തീയ്യതി വരെ സാധുതയുള്ളതായിരിക്കും.