Zygo-Ad

ട്രാഫിക് നിയമലംഘനം പതിവാക്കിയാൽ ഡ്രൈവിങ് ലൈസൻസില്‍ നെഗറ്റീവ്സ് ലഭിക്കും; 'മെറിറ്റ് ആൻഡ് ഡീമെറിറ്റ്' സംവിധാനം ഏര്‍പെടുത്താനൊരുങ്ങി റോഡ് ഗതാഗത മന്ത്രാലയം

 


ട്രാഫിക് നിയമങ്ങള്‍ മനപൂർവ്വം ലംഘിക്കുന്നത് നമ്മുടെ നാട്ടിലെ റോഡുകളിലെ സ്ഥിരം കാഴ്ചയാണ്. വാഹനമോടിക്കുന്നവർ നിസാരമാണെന്ന് കരുതുന്നതും മറ്റുള്ളവർക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായ ചിലത് ഇവയിലുണ്ട്.

സീബ്രാ ക്രോസിങ്ങില്‍ വാഹനം നിർത്തുക, ഫ്രീ ലെഫ്റ്റില്‍ കയറ്റി നിർത്തുക, വലിയ ഹോണ്‍ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, വരി തെറ്റിച്ച്‌ വാഹനമോടിക്കുക, ഫുട്ട്പാത്തിലൂടെ വാഹനമോടിക്കുക എന്നിവയാണ് ഇതില്‍ ഏറ്റവും പ്രധാനം. ബസുകള്‍ മുതല്‍ ബൈക്കുകള്‍ വരെയുള്ളവ ഈക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

കണ്‍മുന്നില്‍ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാല്‍ പോലും നടപടിയെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥരും മറ്റുള്ളവർ ചോദ്യം ചെയ്യാത്തതുമാണ് നിയമം ലംഘിക്കാൻ ഇത്തരക്കാർക്ക് പ്രോത്സാഹനം നല്‍കുന്നത്. എന്നാല്‍, റോഡില്‍ തുടരുന്ന ഇത്തരം ചെറിയ നിയമലംഘനങ്ങള്‍ മുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ക്ക് നേരെ പോലും പോലീസുകാർക്ക് കണ്ണടയക്കാൻ ഇനി സാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. നിരത്തുകളിലെ നിയമലംഘകർക്കെതിരേ കർശന നടപടി സ്വീകരിക്കാനുള്ള നീക്കമാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നടത്തുന്നത്.

നിയമം ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസുകള്‍ക്ക് നെഗറ്റീവ് പോയിന്റെ സംവിധാനം ഏർപ്പെടുത്താനാണ് കേന്ദ്രം പദ്ധതിയൊരുക്കുന്നത്. നിശ്ചിത നെഗറ്റീവ് പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും സ്ഥിരമായി റദ്ദാക്കുകയും ചെയ്യുന്ന നടപടികള്‍ വരെ സ്വീകരിക്കും. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴകള്‍ക്ക് പുറമെ ആയിരിക്കും ഇത്തരത്തില്‍ നെഗറ്റീവ് പോയന്റുകളും ലൈസൻസില്‍ നല്‍കുക. റോഡ് അപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുന്നതിനാണ് സർക്കാർ ഈ കടുത്ത നടപടിയിലേക്ക് പോകുന്നത്.

ഓസ്ട്രേലിയ, കാനഡ തുടങ്ങി പല വിദേശ രാജ്യങ്ങളിലും മെറിറ്റ്-ഡീ മെറിറ്റ് പോയിന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയിലും ഇത് നടപ്പാക്കാനൊരുങ്ങുന്നത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് നെഗറ്റീവ് പോയിന്റ് നല്‍കുന്നത് പോലെ തന്നെ നല്ല ഡ്രൈവർമാർക്ക് മെറിറ്റ് പോയിന്റും നല്‍കുമെന്നാണ് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ദി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മോട്ടോർ വാഹന നിയമത്തില്‍ ഇത് സംബന്ധിച്ച്‌ ഭേദഗതി വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2019-ല്‍ ട്രാഫിക് നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കി തുടങ്ങിയിരുന്നു. എന്നാല്‍, ഇതിനുശേഷവും നിയമലംഘനങ്ങളും അപകടങ്ങളും വളരെ അധികം ഉയരുകയാണുണ്ടായത്. ഇത് കണക്കിലെടുത്താണ് നെഗറ്റീവ് പോയിന്റ് സംവിധാനം ഏർപ്പെടുത്താനും ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസൻസുകള്‍ സസ്പെൻഡ് ചെയ്യാനും നിയമലംഘനം ആവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സ്ഥിരമായി റദ്ദാക്കാനുമുള്ള തരത്തിലുള്ള സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നത്.


2011-ല്‍ ഈ സംവിധാനം നിർദേശിച്ചിരുന്നെങ്കിലും നടപ്പാക്കാൻ സാധിച്ചിരുന്നില്ല. മുൻ ട്രാൻസ്പോർട്ട് സെക്രട്ടറിയായിരുന്ന എസ് സുന്ദറിന്റെ നിർദേശം അനുസരിച്ച്‌ മൂന്ന് വർഷത്തിനുള്ളില്‍ 12 നെഗറ്റീവ് പോയിന്റുകള്‍ ലഭിച്ച ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്കും നിയമലംഘനം വീണ്ടും ആവർത്തിക്കുന്നയാളുടെ ലൈസൻസ് അഞ്ച് വർഷത്തേക്കും റദ്ദാക്കുമെന്നായിരുന്നു. എന്നാല്‍, ഇത് നടപ്പാക്കാനായിരുന്നില്ല. ലൈസൻസ് സസ്പെൻഷൻ ലഭിച്ച വ്യക്തി കാലാവധി അവസാനിച്ച ശേഷം ലൈസൻസ് പുതുക്കുമ്ബോള്‍ എല്ലാം ടെസ്റ്റുകള്‍ക്കും വിധേയമാകണമെന്നും നിർദേശമുണ്ടായിരുന്നു

വളരെ പുതിയ വളരെ പഴയ