കണ്ണൂർ : 'നന്ദി മരത്തിൽ' എന്തെഴുതും എന്ന് ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ കാർഡുകളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വേറിട്ടുനിന്ന ചെറിയൊരു വാചകമുണ്ട് 'ജീവൻ കാക്കുന്ന ഇന്ത്യൻ ജവാൻമാരോട്' നന്ദി. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വനിതാ ശിശു ക്ഷേമ വകുപ്പ് സ്റ്റാളിൽ കുട്ടികൾക്കായി ഒരുക്കിയ നന്ദി മരത്തിലാണ് യുദ്ധ സാഹചര്യത്തിൽ രാജ്യം കാത്തു സംരക്ഷിക്കുന്ന ഇന്ത്യൻ ജവാന്മാരോടുള്ള സ്‌നേഹവും കടപ്പാടും പ്രകടമാക്കുന്നത്. സ്റ്റാളിലെത്തുന്നവർ ഏറെ കൗതുകത്തോടെയാണ് ഓരോ നന്ദിവാചകങ്ങളും വായിക്കുന്നത്.
തീം സ്റ്റാളിൽ അങ്കണവാടി കുട്ടികൾക്കായുള്ള പ്ലേ ഏരിയയിൽ വിവിധ കളിപ്പാട്ടങ്ങളും ചെറിയ റൈഡുകളും ഒരുക്കിയിട്ടുണ്ട്. കൗമാരക്കാരായ കുട്ടികൾക്കായുള്ള ബ്രെയിൻ ഗെയിംസ്, ത്രോ ബോൾ, കുരുക്ക് അഴിക്കൽ തുടങ്ങിയ വിവിധ ഫൺ ഗെയിമുകളും ഉണ്ട്. ഇൻസ്റ്റാഗ്രാം പേജ് മാതൃകയിൽ 'വാട്ട് ഡു യു ഫീൽ നൗ' എന്ന ക്യാപ്ഷനോട് കൂടിയ ബോർഡിൽ വിവിധ ഭാവങ്ങളിലുള്ള ഇമോജികൾ ഒട്ടിക്കാം. കുട്ടികളിലെ ആഗ്രഹങ്ങൾ എഴുതാനുള്ള വാൾ മറ്റൊരു ആകർഷണമാണ്. ലോട്ട് എടുത്ത് കിട്ടുന്ന വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ മൂന്ന് മിനുട്ട് സംസാരിക്കാം. പങ്കെടുക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്. കൂടാതെ കാതോർത്ത്, രക്ഷാദൂത്, അഭയ കിരണം, സഖി വൺ, സ്റ്റോപ്പ് സെന്റർ, പൊൻ വാക്, സഹായ ഹസ്തം, ആശ്വാസ നിധി, പിഎംഎംവിവൈ, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, വിദ്യാധനം, മംഗല്യം തുടങ്ങിയ വിവിധ സേവനങ്ങളും പദ്ധതികളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അങ്കണവാടി തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാവുന്ന പോഷൺ ട്രാക്കർ ആപ്പിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്.