Zygo-Ad

യുഡിഎഫ് പയ്യന്നൂര്‍ നഗരസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; എസ്‌ഐക്ക് പരിക്ക്; 89 പേര്‍ക്കെതിരെ കേസ്


പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ പഴയ ബസ് സ്റ്റാന്‍ഡ് റീ ടാറിംഗ് പ്രവൃത്തി നടത്തിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച്‌ യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി നഗരസഭാ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ പോലീസുമായി കയ്യാങ്കളി.

പയ്യന്നൂര്‍ എസ്‌ഐ പി. യദുകൃഷ്ണന് പരിക്ക്. എസ്‌ഐയുടെ പരാതിയില്‍ 89 പേര്‍ക്കെതിരെ കേസ്.

ഇന്നലെ രാവിലെ പയ്യന്നൂര്‍ പഴയ ബസ്‌സ്റ്റാന്‍ഡില്‍ നിന്നുള്ള പ്രകടനത്തോടെയാണു യുഡിഎഫ് പ്രതിഷേധം തുടങ്ങിയത്. 

പ്രകടനം നഗരസഭാ ഓഫീസ് ഗേറ്റിനു മുന്നില്‍ പോലീസ് ബാരിക്കേഡു വച്ച്‌ തടഞ്ഞു. തുടര്‍ന്ന് സ്വാഗതത്തിനും അധ്യക്ഷ പ്രസംഗത്തിനും ശേഷം ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

 മാര്‍ച്ചിന്‍റെ സമാപനത്തിനിടയിലാണു പ്രവര്‍ത്തകര്‍ പോലീസുമായി കയ്യാങ്കളി തുടങ്ങിയത്. ചിലര്‍ ബാരിക്കേഡിനു മുകളില്‍ കയറാനും തള്ളി മറിച്ചിടാനും ശ്രമിച്ചു. 

ഇതു തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പയ്യന്നൂര്‍ എസ്‌ഐ യദുകൃഷ്ണനെ ഉന്തി താഴെയിടുകയായിരുന്നു. ഇതിനിടയില്‍ ബാരിക്കേഡിന്‍റെ മുള്ളുകമ്പി തറച്ചു കയറി എസ്‌ഐയുടെ കൈയ്ക്കും മുറിവു പറ്റി. 

ഇതിനിടയിലെ മുതിര്‍ന്ന ചില നേതാക്കളുടെ ഇടപെടലും പോലീസിന്‍റെ സംയമനവുമാണ് കൂടുതല്‍ സംഭവങ്ങളൊഴിവാക്കിയത്. എസ്‌ഐ യദുകൃഷ്ണന്‍ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

89 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

എസ്‌ഐക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ 89 പേര്‍ക്കെതിരെ കേസെടുത്തു. പയ്യന്നൂര്‍ എസ്‌ഐ പി. യദുകൃഷ്ണന്‍റെ പരാതിയില്‍ യുഡിഎഫ് പ്രവര്‍ത്തകരായ നവനീത് നാരായണന്‍, ആകാശ് ഭാസ്‌കര്‍, ഹര്‍ഷാദ്, നവനീത്, യാസിന്‍, ജയരാജ് പയ്യന്നൂര്‍, എ.പി. നാരായണന്‍, അശോകന്‍, രൂപേഷ് എന്നിവര്‍ക്കും മറ്റു കണ്ടാലറിയാവുന്ന 80 പേര്‍ക്കെതിരേയാണു കേസെടുത്തത്.

പോലീസിനെ തടഞ്ഞു നിര്‍ത്തി കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും തന്നെ തള്ളിയിട്ടതില്‍ വലതു കൈമുട്ടിനു പരിക്കേറ്റുവെന്നുമുള്ള പരാതിയിലാണു കേസെടുത്തത്. 

യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ നൂറ്റിയമ്പതോളം പേര്‍ കൊടികെട്ടിയ വടികളുമായി ന്യായ വിരുദ്ധമായി സംഘം ചേര്‍ന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചും പൊതു ഗതാഗതത്തിന് മാര്‍ഗ തടസം സൃഷ്‌ടിച്ചതായും പരാതിയിലുണ്ട്.

വളരെ പുതിയ വളരെ പഴയ